അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ പട്ടയം ലഭിച്ച സന്തോഷത്തില്‍ ചപ്പാശിയുടെ കുടുംബം
വാണിമേല്‍ വില്ലേജിലെ തൈപറമ്പത്ത് ചപ്പാശിക്ക് പ്രായം നൂറ് പിന്നിട്ടു. വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ഇദ്ദേഹത്തിന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു സ്വന്തം ഭൂമിയുടെ പട്ടയരേഖ കാണണമെന്നത്. അതിനായി ഒരുപാട് ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. കൈവശം ഭൂമിയുണ്ടെങ്കിലും രേഖയില്ലാത്തതിനാല്‍ ക്രയവിക്രയമോ വായ്പയെടുക്കാനോ സാധിച്ചില്ല. ഈ ജന്മം കിട്ടില്ലെന്ന് ഉറപ്പിച്ചിരിക്കെയാണ് ചപ്പാശിയുടെ മണ്ണിന്റെ രേഖ 50 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മൂന്നു മാസത്തെ നടപടിക്രമങ്ങളിലൂടെ യാഥാര്‍ഥ്യമായത്. 1964 മുതല്‍ ചപ്പാശിയും കുടുംബവും താമസിക്കുന്ന ഭൂമിക്ക് വടകര താലൂക്ക് പട്ടയമേളയിലാണ് രേഖ ലഭിച്ചത്.
നേരത്തെ അപേക്ഷകള്‍ പലതും നല്‍കിയിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ നിരസിക്കുകയായിരുന്നു. വടകര താലൂക്ക് ഓഫീസ് കത്തി നിരവധി രേഖകള്‍ നഷ്ടപ്പെട്ടതും പട്ടയത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കി. അതിനിടെ കല്ലാച്ചിയില്‍ നടന്ന മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ വീണ്ടും പട്ടയത്തിന് അപേക്ഷ നല്കി. ഇതോടെ പട്ടയം വീണ്ടെടുത്ത് നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും നടക്കാതിരുന്ന പട്ടയരേഖ എളുപ്പം കിട്ടിയതിന്റെ സന്തോഷത്തിലാണ് ചപ്പാശിയുടെ കുടുംബം.
വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിച്ച വടകര-കൊയിലാണ്ടി താലൂക്ക് പട്ടയ മേളയില്‍ മക്കള്‍ എത്തിയാണ് ഒരേക്കര്‍ വരുന്ന ഭൂമിയുടെ രേഖ കൈപ്പറ്റിയത്.
- Log in to post comments