മുന്നറിയിപ്പ് വകവെക്കാതെ അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം
മുന്നറിയിപ്പ് വകവയ്ക്കാതെ അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ അഴിക്കോട് തീരത്തോട് ചേര്‍ന്ന് ചെറുമീനുകളെ പിടിച്ച അഴീക്കോട് സ്വദേശി കുറ്റിക്കാട്ട് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ത്വയ്ബ എന്ന വള്ളമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വള്ളം ഉടമയിൽ നിന്ന് 23,000 രൂപ പിഴ ഈടാക്കി. മത്സ്യസമ്പത്ത് കുറയുന്നതിനെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വള്ളം പിടികൂടിയത്. വള്ളത്തില്‍ നിന്നും 14 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 500 കിലോ അയലക്കുഞ്ഞുങ്ങളെയും ഫിഷറീസ് അധികൃതര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലില്‍ നിക്ഷേപിച്ചു.
നിയമ വിധേയമായ വലിപ്പമെത്താത്ത 58 ഇനം കടൽ മത്സ്യങ്ങളെ പിടികൂടുന്നത് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ സി സീമയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വള്ളം പിടികൂടിയത്. സംഘത്തിൽ എഎഫ്ഇഒ സംന ഗോപൻ, എഫ്ഒ സഹന ഡോൺ, മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ ഇ.ആർ ഷിനിൻകുമാർ, വി.എം ഷൈബു, വി.എൻ പ്രശാന്ത്കുമാർ, മെക്കാനിക്ക് ജയചന്ദ്രൻ, സീഗാർഡുമാരായ റഫീക്ക്, ഷിഹാബ്, സുബീഷ് തുടങ്ങിയവർ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ കർശന പരിശോധന തീരക്കടലിലും ഹാർബറുകളിലും ഉണ്ടായിരിക്കുമെന്ന് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൾമജീദ് പോത്തന്നൂരാൻ അറിയിച്ചു.
- Log in to post comments