ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്നതിനായി വിപുലമായ പദ്ധതികള്‍ നടപ്പാക്കും
ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്നതിനായി കിണര്‍ റീചാര്‍ജിങ് ഉള്‍പ്പെടെയുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കാന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നവകേരളം കര്‍മ്മപദ്ധതി ജില്ലാ മിഷന് യോഗത്തില്‍ തീരുമാനം. ജില്ലയിലെ പാനൂര്‍, തലശ്ശേരി, കണ്ണൂര്‍, മട്ടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലും നഗരസഭകളിലും ജല ചൂഷണം വര്‍ധിക്കുന്നുവെന്നും ഈ പ്രദേശങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക വിഭാഗമായി പ്രഖ്യാപിക്കാന്‍ ഇടയുണ്ടെന്ന നാഷണല്‍ കോംപാലിയേഷന് ഓണ്‍ ഡൈനാമിക് ഗ്രൗണ്ട് വാട്ടര്‍ റിസോഴ്സ്സ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വാര്‍ഷിക ഭൂഗര്‍ഭജല പുനരുജ്ജീവനത്തേക്കാള് കൂടുതല്‍ ജലചൂഷണം നടക്കുന്ന പ്രദേശങ്ങളെയാണ് നിര്‍ണ്ണായക വിഭാഗമായി തരംതിരിക്കുന്നത്. ജലഉപഭോഗം 90 മുതല്‍ 100 ശതമാനം വരെയാകുമ്പോഴാണ് ഇങ്ങനെ കണക്കാക്കുക.
ജല ഉപഭോഗം 70 മുതല്‍ 90 ശതമാനം വരെയുള്ള സെമിക്രിട്ടിക്കല്‍ വിഭാഗത്തില്‍ ജില്ലയില്‍ നിലവില്‍ മൂന്ന് ബ്ലോക്കുകള്‍ ഉണ്ട്. പാനൂര്‍, തലശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളും പ്രസ്തുത പരിധിയിലെ നഗരസഭകളുമാണ് ഈ അവസ്ഥയില്‍ ഉള്ളത്. ഈ മേഖലയിലെ അമിത ജല ചൂഷണം തടയാനും ഭൂഗര്‍ഭ ജലസംഭരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദ്ധതികള്‍ തയ്യാറാക്കുക. കുഴല്‍ കിണറുകള്‍ പരിധിയില്‍ അധികം കുഴിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ നിലവിലുള്ള നിയന്ത്രണം കര്‍ശനമാക്കാനും കൂടുതല്‍ മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും പദ്ധതികള്‍ തയ്യാറാക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജല സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജില്ലയിലെ 21 ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളിലുമുള്ള ജലഗുണ പരിശോധനാ ലാബുകളുടെ പ്രവര്‍ത്തനം സജീവമാക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ മഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും ജല ബജറ്റ് തയ്യാറാക്കിയ സാഹചര്യത്തില്‍ ജില്ലാതല ജല ബജറ്റ് ഉടനെ തയ്യാറാക്കാനും നവകേരളം കര്‍മ്മ പദ്ധതി യോഗം തീരുമാനിച്ചു. മാപ്പത്തോണ്‍ മാപ്പിംഗ് പൂര്‍ത്തീകരിച്ച ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ നീര്‍ച്ചാലുകള്‍ പുനരുദ്ധരിക്കാന്‍ പദ്ധതി ആവിഷ്കരിക്കാനും യോഗത്തില്‍ ധാരണയായി. സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ല എന്ന ലക്ഷ്യം ആഗസ്റ്റ് അവസാനത്തോടെ കൈവരിക്കുമെന്ന് ഹരിത കേരളം ജില്ലാ മിഷന് കോ ഓഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ യോഗത്തെ അറിയിച്ചു. മികച്ച പച്ചത്തുരുത്തുകള്‍ കണ്ടെത്തുന്നതിനായി ജില്ലാതല വിദഗ്ധ സമിതിയെ യോഗം ചുമതലപ്പെടുത്തി. ജില്ലയിലെ ടെയ്ക് എ ബ്രേയ്ക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോട്ടോക്കോള്‍ നിശ്ചയിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് എന്നിവര്‍ സംസാരിച്ചു.
- Log in to post comments