ബേപ്പൂർ തുറമുഖ വികസനം ത്വരിതപ്പെടുത്താൻ തീരുമാനം
മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചർച്ച നടത്തി
ബേപ്പൂർ തുറമുഖ വികസനം ത്വരിതപ്പെടുത്താൻ തിരുവനന്തപുരത്ത് മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും പങ്കെടുത്ത യോഗത്തിൽ തീരുമാനം. തുറമുഖത്ത് അടിയന്തരമായി നടപ്പാക്കേണ്ട വികസന പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കാനും ക്യാപിറ്റൽ ഡ്രഡ്ജിങ് ഉൾപ്പെടെയുള്ള പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കാനും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം നിർദേശിച്ചു.
തുറമുഖത്തെ മഴവെള്ളക്കെട്ട് പരിഹരിക്കാൻ അഴുക്കുചാലുകൾ അടിയന്തരമായി ശുചീകരിക്കാനും ആവശ്യമെങ്കിൽ പുതിയ ഡ്രൈനേജ് നിർമിക്കാനുമുള്ള ഭരണാനുമതിക്കായി പദ്ധതി തയാറാക്കി സമർപ്പിക്കാനും മാരിടൈം ബോർഡിന് നിർദേശം നൽകി. ലൈസൻസുള്ള തുറമുഖ തൊഴിലാളികളുടെ തൊഴിൽപാസ്, ബന്ധപ്പെട്ട തൊഴിലാളി സംഘടനകൾ നിർദ്ദേശിക്കുന്നവർക്ക് കൈമാറാൻ അനുമതി നൽകും. ആശ്രിത നിയമനം നേരത്തെ വിലക്കിയിരുന്നതിനാൽ ഇത് പുന:സ്ഥാപിക്കണമെന്നതായിരുന്നു തൊഴിലാളി യൂണിയനുകളുടെ ആവശ്യം.
തുറമുഖ വികസനത്തിൻ്റെ പ്രധാന ഘടകമായ ഡ്രഡ്ജിങ്ങിനായി പാരിസ്ഥിതികാഘാത പഠന റിപ്പോർട്ട് ഉടൻ ലഭ്യമാക്കും. പുതിയ വാർഫ്, ക്യാപിറ്റൽ ഡ്രഡ്ജിങ് എന്നിവയുടെ ഭരണാനുമതിക്കായി സർക്കാറിലേക്ക് പദ്ധതി നിർദ്ദേശം സമർപ്പിക്കാനും മന്ത്രിമാർ മാരിടൈം ബോർഡിനോട് നിർദ്ദേശിച്ചു. ഒരു മാസത്തിന് ശേഷം യോഗതീരുമാനങ്ങൾ സംബന്ധിച്ച് അവലോകനം നടത്തും.
തിരുവനന്തപുരത്ത് മന്ത്രി വി എൻ വാസവൻ്റെ ചേംബറിൽ നടന്ന ചർച്ചയിൽ തുറമുഖ വകുപ്പ് സെക്രട്ടറി ഡോ.എ കൗശികൻ, ജോയന്റ് സെക്രട്ടറി ടി കെ ശ്യാംകുമാർ, മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, സിഇഒ ഷൈൻ എ ഹഖ്, ഹാർബർ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments