Skip to main content

തീരദേശ ദുര്‍ബലഭവനങ്ങള്‍ കണ്ടെത്തുന്നതിനു ഫീല്‍ഡ് സര്‍വ്വേ നടത്തും: കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ

തീരശോഷണം മൂലവും ജലനിരപ്പ് ഉയരുന്നതിനാലും ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലേക്ക് ഫീൽഡ് സർവ്വേ നടത്തുമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.

 

 അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കുന്നതിനു ദുരന്ത നിവാരണ വകുപ്പാണ് നടപടി സ്വീകരിക്കുന്നത്.

 

അര്‍ഹരായവരെ കണ്ടെത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സ്ഥിരതയുള്ളതുമാക്കാനായി ഏകീകൃത മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി വിവരശേഖരണത്തിനു തീരദേശ ദുര്‍ബല ഭവനങ്ങള്‍ കണ്ടത്തുന്നതിനു ഫീല്‍ഡ് സര്‍വ്വേ ചെക്ക് ലിസ്റ്റുമായി ജില്ലാ ഹസാര്‍ഡ് അനലിസ്റ്റുകള്‍ ഫീല്‍ഡ് സര്‍വ്വേ നടത്തും. സര്‍ക്കാരിലേക്ക് ഇതുസംബന്ധിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടതിനാല്‍ ഈ പ്രക്രിയ മുന്‍ഗണ നല്‍കി ചെയ്യാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

തീരദേശ ദുര്‍ബല ഭവനങ്ങള്‍ കണ്ടെത്തുന്നതിനു ഫീല്‍ഡ് സര്‍വ്വേ ചെക്ക് ലിസ്റ്റില്‍ വീടിന്‍റെ അടിത്തറ ഇളകുകയോ താഴ്ന്നുപോവുകയോ അടിത്തറയില്‍ നിന്നും മണ്ണൊലിക്കുകയോ ചെയ്തിട്ടുണ്ടോ, പുനര്‍ഗേഹം/ലൈഫ് ഗുണഭോക്തൃ പട്ടികറില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ , പുരയിടത്തില്‍ വെള്ളം കയറുന്നുണ്ടോ തീരദേശ സംരക്ഷണ ലംഘനം നടന്നിട്ടുണ്ടോ കായല്‍ സമീപത്തുണ്ടോ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 

ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ക്കായി എം.എല്‍.എ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

date