കുട്ടികൾക്കായി എസി, എൽഇഡി ടിവി പുന്നയൂർക്കുളം തൃപ്പറ്റ് സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു
കുട്ടികൾക്കായി എസി, എൽഇഡി ടിവി തുടങ്ങി ഹൈടെക്ക് സൗകര്യങ്ങൾ ഒരുക്കി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ 14-ാം നമ്പർ സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എൻ.കെ. അക്ബർ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്.
പഞ്ചായത്തിൽ എയർകണ്ടീഷൻ സ്ഥാപിച്ച ആദ്യ അങ്കണവാടി കൂടിയാണ് ഇത്. 594 ചതുരശ്ര അടി വിസ്തൃതിയിയുള്ള കെട്ടിടത്തിൽ ഹാൾ, കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച മുറി, അടുക്കള, സ്റ്റോർ റൂം, ശുചിമുറികൾ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. പുറമെ ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. റോഡിൽ നിന്ന് അങ്കണവാടിയിലേക്കുള്ള 60 മീറ്ററോളം വരുന്ന മൂന്ന് അടി വീതിയുള്ള നടവഴി കട്ടവിരിച്ച് കുട്ടികൾക്കായി സജ്ജമാക്കിയിരിക്കുന്നു.
പഴയ കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടർന്ന് അഞ്ചു വർഷത്തോളമായി തൃപ്പറ്റ് ക്ഷേത്രത്തിന് സമീപത്തെ മരണാനന്തരസമിതിയുടെ കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
ചടങ്ങിനോടനുബന്ധിച്ച് ഹരിത കേരളം മിഷന്റെ ഒരു തൈ നടാം വൃക്ഷവത്കരണ ക്യാമ്പയിനിന്റെ ഭാഗമായി തൈ വിതരണ ഉദ്ഘാടനവും പൂർവ്വ അധ്യാപകരെ ആദരിക്കലും നടന്നു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അദ്ധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഗ്രീഷ്മ ഷനോജ്, വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മൂസ ആലത്തയിൽ, ടി.ബി ബിന്ദു, പ്രേമ സിദ്ധാർത്ഥൻ, വാർഡ് മെമ്പർമാരായ ഷംസുദ്ദീൻ ചന്ദനത്ത്, ശോഭ പ്രേമൻ, അജിത ഭരതൻ, ഹാജറ കമറുദ്ധീൻ, ബുഷറ നൗഷാദ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ സനൽ, ഐസിഡിഎസ് സൂപ്പർവൈസർ കെ.കെ സിന്ധു, ഹരിതകേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ രാജി, പരിസ്ഥിതി പ്രവർത്തകൻ കടവല്ലൂർ ഷാജഹാൻ, അങ്കണവാടി വർക്കർ വി മിനി, ഹെൽപ്പർ വി.എസ് രാധ, പൂർവ അധ്യാപകരായ അമ്മുക്കുട്ടി, സിസിലി, അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, പ്രാദേശിക ക്ലബ് പ്രവർത്തകർ, രാഷ്ട്രീയ പ്രതിനിധികൾ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments