പ്രഥമ സംസ്ഥാന ആയുഷ് കായ്കല്‍പ് പുരസ്കാരം; അയ്യന്തോള്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്‍സറിക്ക് ജില്ലയില്‍ ഒന്നാം സ്ഥാനം
സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആയുഷ് കായ്കല്‍പ് പുരസ്കാരം കരസ്ഥമാക്കി തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള അയ്യന്തോള്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്‍സറി. 99.58 ശതമാനം മാര്‍ക്കോടെയാണ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയത്. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക.
സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യസംസ്കരണം, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടന്ന പരിശോധനകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലാണ് അയ്യന്തോള്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്‍സറി നേട്ടം കരസ്ഥമാക്കിയത്. സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് പുരസ്കാരത്തിന്റെ ലക്ഷ്യം.
ഡിസ്പെന്സറിയില് നടപ്പിലാക്കിവരുന്ന ഇമേജ് വഴിയുള്ള ബയോമാലിന്യ സംസ്കരണം, അണുബാധനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, മികച്ച ശുചീകരണോപാധികള്‍, ജൈവമാലിന്യ സംസ്കരണ സംവിധാനം, ജീവിത ശൈലി രോഗനിര്‍ണയ സൗകര്യം, അടിസ്ഥാന സൗകര്യ വികസനം, ഔഷധസസ്യത്തോട്ടം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പുരസ്കാരത്തിലേക്ക് നയിച്ചത്. കൂടാതെ പൊതുജനങ്ങള്‍ക്കായി എല്ലാ ദിവസവും സൗജന്യ യോഗ പരിശീലന ക്ലാസുകളും ലഭ്യമാണ്.
മികച്ച സൗകര്യങ്ങളോടെയുള്ള കെട്ടിടം ഉള്‍പ്പെടെ എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയ തൃശ്ശൂര്‍ കോര്‍പ്പറേഷന്റെയും ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെയും പൂര്ണ്ണപിന്തുണയും സഹകരണവും, ജീവനക്കാരുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയുമാണ് അയ്യന്തോള്‍ ഡിസ്പെന്‍സറിക്ക് നേട്ടം കൈവരിക്കാനായത്.
- Log in to post comments