Skip to main content

മലബാർ റിവർ ഫെസ്‌റ്റിവൽ ഇന്ന് മുതൽ 

 

മൂന്ന് നാൾ കയാക്കിങ് ആവേശവത്തിനായി മലയോരമൊരുങ്ങി

ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് (ജൂലൈ 25) കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിൽ തുടക്കമാകും. കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവ ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ്  
അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവൽ  11-ാമത് എഡിഷൻ ഒരുക്കുന്നത്. ഇരിവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി ഞാറാഴ്ച വരെയാണ് ചാമ്പ്യൻഷിപ്പ്. മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് (വെള്ളി) രാവിലെ ഒമ്പതിന് പുലിക്കയത്ത് ലിന്റോ ജോസഫ്  എംഎൽഎ നിർവഹിക്കും. ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി, പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ്‌ തോമസ് ചെമ്പകശ്ശേരി, ബിന്ദു ജോൺസൻ, ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ  പ്രമുഖർ എന്നിവർ പങ്കെടുക്കും. 

ഒളിമ്പിക്സ് മത്സരയിനങ്ങളായ പുരുഷ-വനിതാ വിഭാഗം സ്ലാലോം, എക്‌സ്ട്രീം സ്ലാലോം എന്നിവ പുലിക്കയത്ത് ചാലിപ്പുഴയിലും എക്‌സ്‌ട്രീം സ്ലാലോം ഫൈനൽ, ഡൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ പുല്ലൂരാംപാറയിൽ ഇരുവഴഞ്ഞി പുഴയിലും നടക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മത്സര വിജയികൾക്കുള്ള സമ്മാനദാനവും ജൂലൈ 27ന് വൈകുന്നേരം അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.

റിവർ ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് (ജൂലൈ 25) വൈകിട്ട് അഞ്ചിന് പുലിക്കയത്ത് ഗ്രാമഫോൺ മ്യൂസിക് ബാൻഡിന്റെയും ശനിയാഴ്ച പ്രാദേശിക കലാകാരന്മാരുടെയും ഞായറാഴ്ച എലന്ത്കടവിൽ മർസി മ്യൂസിക് ബാൻഡിന്റെയും കലാപരിപാടികൾ അരങ്ങേറും.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ഇന്നലെ (വ്യാഴം) ചക്കിട്ടപാറ മീൻതുള്ളിപ്പാറയിലെ കുറ്റ്യാടി പുഴയിൽ നടത്തേണ്ടിയിരുന്ന ഫ്രിസ്റ്റൈൽ പ്രദർശന മത്സരങ്ങൾ ഒഴിവാക്കിയിരുന്നു.
വിദേശരാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാരും  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള  കയാക്കർമാരും നിലവിൽ ചാലിപ്പുഴയിലും ഇരുവഴഞ്ഞി പുഴയിലുമായി പരിശീലനം നടത്തുന്നുണ്ട്. റിവർ ഫെസ്റ്റിന്റെ പ്രചരണത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ പ്രീ ഇവന്റുകളും സംഘടിപ്പിച്ചിരുന്നു.

date