പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ സംരംഭകത്വ ശില്പശാല 30ന്
പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്കാ റൂട്ട്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റും (സിഎംഡി) ചേര്‍ന്ന് ജൂലൈ 30ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ സൗജന്യ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് രാവിലെ 9.30നകം എത്തി രജിസ്റ്റര്‍ ചെയ്യണം. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നോര്‍ക്ക റൂട്ട്സ് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്.ഇ.എം) ഉള്‍പ്പെടെയുള്ള പദ്ധതികളുടെയും സേവനങ്ങളുടെയും വിശദാംശങ്ങള്‍ ശില്പശാലയില് ലഭിക്കും. ഉചിതമായ സംരംഭങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെന്റ് മേഖലകളെ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാകും. കുറഞ്ഞ മൂലധനത്തില്‍ നാട്ടില്‍ ആരംഭിക്കാന്‍ കഴിയുന്ന നൂതന ബിസിനസ് ആശയങ്ങള്‍ പരിചയപ്പെടാനും അവസരമുണ്ടാകും. വിശദ വിവരങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റ് ഹെല്‍പ്പ് ഡെസ്ക്കിലെ 0471 2329738, +91-8078249505 നമ്പറുകളില്‍ ബന്ധപ്പെടാം.
- Log in to post comments