നാടിൻ്റെ വികസനം ആരംഭിക്കുന്നത് വിദ്യാലയങ്ങളിൽ നിന്ന് : മന്ത്രി വി. ശിവൻകുട്ടി
*അശമന്നൂർ ഗവൺമെന്റ് യു.പി സ്കൂളിൽ കെട്ടിട നിർമ്മാണം, വർണക്കൂടാരം, ക്രിയേറ്റീവ് കോർണർ
ഒരു നാടിൻ്റെ വികസനം ആരംഭിക്കുന്നത് അവിടത്തെ വിദ്യാലയങ്ങളിൽ നിന്നാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അശമന്നൂർ ഗവൺമെന്റ് യു.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും വർണ്ണ കൂടാരം, ക്രിയേറ്റീവ് കോർണർ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുമ്പോൾ ഒരു സമൂഹത്തിൻ്റെ ഭാവി ശോഭനമാകും. കേരളത്തിലെ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന വലിയ ലക്ഷ്യത്തോടെയാണ് നമ്മൾ മുന്നോട്ട് പോകുന്നത്. ഈ സ്കൂളിൽ ഇന്ന് യാഥാർത്ഥ്യമായ ഈ വികസന പ്രവർത്തനങ്ങൾ അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടം, നമ്മുടെ കുട്ടികൾക്ക് കൂടുതൽ മികച്ച പഠനാന്തരീക്ഷം ഒരുക്കും. നല്ല ക്ലാസ് മുറികൾ, മികച്ച ലൈബ്രറി, ആധുനിക സൗകര്യങ്ങൾ എന്നിവയെല്ലാം അവരുടെ പഠനത്തെ കൂടുതൽ എളുപ്പമുള്ളതും സന്തോഷകരവുമാക്കും. സമഗ്ര ശിക്ഷാ കേരളത്തിൻ്റെ സ്റ്റാർസ് വർണ്ണക്കൂടാരം എന്നത് കുട്ടികളുടെ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. പാഠപുസ്തകങ്ങൾക്കപ്പുറം, ചിത്രരചനയിലൂടെയും മറ്റ് കലാരൂപങ്ങളിലൂടെയും അവരുടെ മനസ്സിലെ ഭാവനകൾക്ക് നിറം പകരാൻ ഇത് സഹായിക്കും. അതുപോലെ തന്നെ സ്റ്റാർസ് ക്രിയേറ്റീവ് കോർണർ, കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാനും അവരെ പുതിയ കാര്യങ്ങൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കും.
പഠനം വെറും അറിവ് നേടൽ മാത്രമല്ല, അത് ആനന്ദകരമായ ഒരു അനുഭവമാകണം. അതിന് ഇത്തരത്തിലുള്ള ഇടങ്ങൾ വളരെ പ്രധാനമാണ്. ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. അക്കാദമിക് രംഗത്തും ഭൗതിക സാഹചര്യങ്ങളിലും നാം വലിയ മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്. ഇതിന് പിന്നിൽ, നമ്മുടെ സർക്കാരിൻ്റെ ഇച്ഛാശക്തിയും, പൊതുസമൂഹത്തിൻ്റെ പിന്തുണയും, ഏറ്റവും പ്രധാനമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രയത്നവുമുണ്ട്. ഈ പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, നാട്ടുകാർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. ഈ പുതിയ സൗകര്യങ്ങൾ നമ്മുടെ കുട്ടികൾക്ക് അറിവിൻ്റെ ലോകം തുറന്നു കൊടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഗവൺമെന്റ് സ്‌കൂളുകളിലെ പ്രീ പ്രൈമറി വിദ്യാഭ്യാസ ശാക്തീകരണ ത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിവരുന്ന വിവിധ പ്രവർത്തനങ്ങളിൽ ഒന്നാണ് വർണ്ണക്കൂടാരം. കൂവപ്പടി ബി.ആർ.സി യുടെ നേതൃത്വത്തിൽ അനുവദിച്ച പത്ത് ലക്ഷം രൂപയും സ്‌കൂൾ എസ്. എം. സി കണ്ടെത്തിയ 5 ലക്ഷം രൂപയും ചേർത്ത് ആകെ 15 ലക്ഷം രൂപയ്ക്ക് ഏറെ മനോഹരമായ വർണ്ണക്കൂടാരമാണ് സ്കൂൾ പരിസരത്ത് ഒരുക്കിയിരിക്കുന്നത്.
കുട്ടികളിലെ സൃഷ്ടിപരവും പ്രായോഗികവുമായ കഴിവുകൾ വളർത്തി തൊഴിൽ സാധ്യതകളിലേക്ക് വഴിയൊരുക്കുന്നതിനായി, കുസാറ്റിന്റെ സഹകരണ ത്തോടെ എസ്. എസ്. കെ. അവതരിപ്പിച്ച നവോത്ഥാന പദ്ധതിയാണ് 'ക്രിയേറ്റീവ് കോർണർ'. ഏകദേശം 13 ലക്ഷം രൂപ ചെലവിൽ അശമന്നൂർ സ്‌കൂളിൽ നടപ്പാക്കിയിരിക്കുന്ന ഈ പദ്ധതി വഴി യു.പി. വിഭാഗത്തിലെ കുട്ടി കൾക്ക് ഏഴ് മേഖലകളിലായി പരിശീലനം നൽകാൻ കഴിയും.
എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് സ്കൂളിലെ പ്രീ-പ്രൈമറി വിഭാഗം കെട്ടിടത്തിന് മുകളിലായി അഞ്ച് മുറികൾ കൂടി ഒരുക്കുന്നത്. ഒരു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇതിന്റെ ആദ്യഘട്ടത്തിലേക്ക് അനുവദിച്ച 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ എൽദോസ് പി. കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം, അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ശാരദ മോഹൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്ക്, മുൻ നഗരസഭാ അധ്യക്ഷൻ എൻ.സി മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാഞ്ജലി മുരുകൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുബി ഷാജി, അജാസ് യൂസഫ്, ഗീതാ രാജീവ്, സ്കൂൾ ഹെഡ്മാസ്റ്റർ എം.കെ മുഹമ്മദാലി, എസ്.എം.സി ചെയർമാൻ ഇ.എൻ സജീഷ് , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments