Skip to main content

സമുദ്ര മേഖല സമഗ്ര വിവരശേഖരണത്തിന് നയരൂപീകരണം ദേശീയ ശില്പശാല ആഗസ്റ്റ് 29 ന്

തിരുവനന്തപുരം: സമുദ്ര മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക പാരിസ്ഥിതിക വിഷയങ്ങളില്‍ സമഗ്ര വിവരശേഖരണത്തിന് കേന്ദ്ര സാമ്പത്തിക സ്ഥിതിവിവരക്കണക്ക് പദ്ധതി നിര്‍വ്വഹണ മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി ദേശീയതല ശില്പശാല സംഘടിപ്പിക്കുന്നു.

 ആഗസ്റ്റ് 29 ന് നെടുമ്പാശ്ശേരി ഫ്‌ലോറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സെമിനാറില്‍ ബഹു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് പദ്ധതി നിര്‍വ്വഹണ മന്ത്രാലയം സെക്രട്ടറി ഡോ.സൗരഭ് ഗാര്‍ഗ്, സംസ്ഥാന ചീഫ് സെക്രട്ടറി എ ജയതിലക് എന്നിവര്‍ പങ്കെടുക്കും. രാജ്യത്താകെയുള്ള 9 തീരദേശ സംസ്ഥാനങ്ങള്‍, 4 കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള 70 പ്രതിനിധികളും ഈ മേഖലയിലെ വിദഗ്ദരുമുള്‍പ്പെടെ 80 ഓളം പേരാണ് ഈ ശില്പശാലയില്‍ പങ്കെടുക്കുന്നത്.

സമുദ്ര മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സമുദ്ര ആവാസ വ്യവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പഠന വിധേയമാക്കുകയാണ് സമുദ്ര പാരിസ്ഥിതിക വിവരശേഖരണത്തിന്റെ ലക്ഷ്യം. ഐക്യരാഷ്ട്ര സഭയുടെ പാരിസ്ഥിതിക സാമ്പത്തിക വിവരശേഖരണത്തിന്റെ ഭാഗമായാണ് രാജ്യത്ത് ഈ വിവരശേഖരണ സംവിധാനം നടപ്പിലാക്കുന്നത്.

സംസ്ഥാനതലത്തില്‍ തമിഴ്‌നാട് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഈ ശില്പശാലയില്‍ അവതരിപ്പിക്കും. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട തമിഴ്‌നാട് സംസ്ഥാനത്തിന്റെ അനുഭവ സമ്പത്ത് ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്ന് കരുതപ്പെടുന്നു.

ആഗോള രീതിശാസ്ത്രങ്ങള്‍ അവലോകനം ചെയ്ത് ദേശീയ ചട്ടക്കൂട് തയ്യാറാക്കുക, സൂചകങ്ങളും ഡാറ്റ സ്രോതസ്സുകളും ശുപാര്‍ശ ചെയ്യുക, സമുദ്ര ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട സേവനങ്ങളും മൂല്യനിര്‍ണ്ണയ സാങ്കേതിക വിദ്യകളും തിരിച്ചറിയുക എന്നിവയാണ് ദേശീയതല റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളുന്നത്. വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന വിവരങ്ങളെ നയരൂപീകരണത്തിനും, സുസ്ഥിര സമുദ്ര മാനേജ്‌മെന്റിനും, ഉചിത തീരുമാനങ്ങള്‍ കൈകൊള്ളുന്നതിനും പ്രയോജനപ്പെടുത്തുകയാണ് ശില്‍പ്പശാല ലക്ഷ്യമിടുന്നത്.

 

 

date