Skip to main content
...

വെട്ടിക്കവലയിൽ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കർഷകർക്ക് കൂടുതൽ വരുമാനം നൽകുന്ന വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കണം: മന്ത്രി കെ.എൻ.ബാലഗോപാൽ

 

കർഷകർക്ക് കൂടുതൽ വരുമാനം നൽകുന്ന ചെണ്ടുമല്ലി ഉൾപ്പെടെയുള്ള പുഷ്പങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ചെണ്ടുമല്ലിപൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രദേശത്തെ 120 ഇടങ്ങളിൽ ചെണ്ടുമല്ലി കൃഷി നടത്തുകയാണ്. മറ്റ് പരമ്പരാഗത വിളകളോടൊപ്പം കർഷകർക്ക് കൂടുതൽ ആദായം ലഭിക്കുന്ന വിളകളും കൃഷി ചെയ്യാൻ പ്രത്യേക പദ്ധതികൾ തയ്യാറാക്കണം. ഓണത്തോട് അനുബന്ധിച്ച് കൂടുതൽ വിളവ് ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെണ്ടുമല്ലി കൃഷിക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കിയത്. ബ്ലോക്കിലെ കൃഷി കൂട്ടങ്ങൾ, കർഷക കൂട്ടായ്മയായ ജെ.എൻ.ജെ ഗ്രൂപ്പ്‌ മുഖേനയാണ് കൃഷി നടത്തിയത്. ഇതിനായി 120 ഓളം തോട്ടങ്ങൾ തയ്യാറാക്കി. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ഒരു ലക്ഷം തൈകളാണ് കൃഷിക്കായി ഉപയോഗിച്ചത്.

ബ്ലോക്ക് പ്രസിഡൻ്റ് എസ്. രഞ്ജിത്ത് അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് ദിവ്യ ചന്ദ്രശേഖർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ മോഹനൻ, സ്ഥിരംസമിതി അധ്യക്ഷർ, പഞ്ചായത്ത് അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date