ഇ-മാലിന്യ ശേഖരണ ഡ്രൈവ് : സിവിൽ സ്റ്റേഷനിൽനിന്ന് 3000 കിലോ മാലിന്യം കൈമാറി
ശുചിത്വ മിഷന്റെയും തൃക്കാക്കര നഗരസഭയുടെയും നേതൃത്വത്തിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ഇ- മാലിന്യ ശേഖരണ ഡ്രൈവ് സംഘടിപ്പിച്ചു. ഡ്രൈവിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ നിന്നും 3000 കിലോ ഗ്രാം ഇ- മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. മാലിന്യ നീക്കത്തിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിച്ചു.
കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, ടെലിവിഷനുകൾ, മൊബൈൽ ഫോണുകൾ, ബാറ്ററികൾ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫീസ് മേധാവികളുടെ ശിപാർശ കത്ത് സഹിതമാണ് ശേഖരിച്ചത്. ഇവ ക്ലീൻ കേരള കമ്പനി മുഖേന ശാസ്ത്രീയമായി സംസ്കരിക്കും.
സംസ്ഥാനതലത്തിൽ നടന്നു വരുന്ന ഇ-വേസ്റ്റ് കളക്ഷൻ കാമ്പയിനിന്റെ ഭാഗമായി, ഇ-മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണവും പരിപാടിയോടൊപ്പം നടന്നു.
ഡെപ്യൂട്ടി കളക്ടർമാരായ കെ.മനോജ്, വി.ഇ അബ്ബാസ്, ശുചിത്വമിഷൻ ജില്ലാ കോ ഓഡിനേറ്റർ ശീതൾ ജി. മോഹൻ, നവകേരള മിഷൻ ജില്ലാ കോ ഓഡിനേറ്റർ എസ്. രഞ്ജിനി,
ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ ധന്യ ജോസി,ശുചിത്വമിഷൻ യുവ പ്രൊഫഷണൽമാരായ പ്രിൻസ്, സുകന്യ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ, ക്ലീൻ കേരള കമ്പനി ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇ -മാലിന്യ ശേഖരണ ഡ്രൈവിന് നേതൃത്വം നൽകി.
- Log in to post comments