ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിൽ ചരിത്രപരമായ മുന്നേറ്റം : മന്ത്രി ഡോ.ആർ ബിന്ദു*
മണിമലക്കുന്ന് ഗവ. കോളേജിൽ സ്പോർട്സ് കോംപ്ലക്സ്, മൾട്ടി ജിം, യോഗ സെന്റർ
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ അടിസ്ഥാന സ്വകാര്യ വിപുലികരണത്തിൽ വലിയ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കൂത്താട്ടുകുളം മണിമലക്കുന്ന് ടി എം ജേക്കബ് മെമ്മോറിയൽ ഗവ. കോളേജിൽ സ്പോർട്സ് കോംപ്ലക്സ്, മൾട്ടി ജിം, യോഗ സെന്റർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നവകേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാനത്തെ കോളേജുകളും സർവകലാശാലകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മുഖ്യമായും കലാലയങ്ങൾക്ക് സ്റ്റേറ്റ് ഓഫ് ആർട്ട് ലാബ് കോംപ്ലക്സുകൾ, ആധുനിക ലൈബ്രറികൾ, അക്കാദമിക് ബ്ലോക്കുകൾ, അഡ്മിനിസ്ട്രേറ്റീവ് സൗകര്യങ്ങൾ എന്നിവ ഒരുക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
എൻഐആർഎഫ് റാങ്കിങ്ങിൽ കേരളത്തിലെ സർവകലാശാലകൾ ദേശീയ തലത്തിൽ മുൻപന്തിയിലാണ്. നാലു വർഷ യു.ജി. പ്രോഗ്രാം നടപ്പിലാക്കുന്നതിലൂടെ തൊഴിൽസാധ്യത വർദ്ധിപ്പിക്കുന്നതിനും റിസർച്ച് അടിസ്ഥാനമായ പഠനത്തിനും സർക്കാർ പ്രത്യേക മുൻഗണന നൽകുന്നു. വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്ക് അഞ്ച് ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ ധനസഹായം ലഭ്യമാക്കുന്ന പദ്ധതികളും സ്കിൽ ഡെവലപ്മെന്റ് സെല്ലുകളും എല്ലാ കലാലയങ്ങളിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തെ ഹയർ എഡ്യൂക്കേഷൻ്റെ ഇന്റർനാഷണൽ ഹബ് ആക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വർദ്ധിച്ചുവരുന്നതും, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്താരാഷ്ട്ര റാങ്കിംഗിൽ ഇടംപിടിക്കുന്നതും സംസ്ഥാനത്തിന്റെ വളർച്ചയെ തെളിയിക്കുന്നതാണെന്നും മന്ത്രി സൂചിപ്പിച്ചു.
സർക്കാർ ഫണ്ട് ഒരു കോടി പത്തുലക്ഷം രൂപ ചിലവഴിച്ചാണ് മണിമലക്കുന്ന് ടി എം ജേക്കബ് മെമ്മോറിയൽ ഗവ. കോളേജിൽ മൾട്ടി ജിം, ടേബിൾ ടെന്നീസ്, യോഗ സെന്റർ എന്നിവ ഉൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്.
അനൂപ് ജേക്കബ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യനും മുൻ എം എൽ എയുമായ എം ജെ ജേക്കബിനെ ആദരിച്ചു.
എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ പി വി അമൃതയെ വേദിയിൽ അനുമോദിച്ചു.
ചടങ്ങിൽ തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യ മോൾ പ്രകാശ്, എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പി ബി രതീഷ്, പൊതുമരാമത്ത് എഞ്ചിനീയർ വി പി സിന്റോ, ഗ്രാമപഞ്ചായത്ത് മെമ്പർ ആതിര സുമേഷ്, ജനറൽ കൺവീനർ ഡോ. ബബിത മാത്യൂസ്, പിടിഎ വൈസ് പ്രസിഡന്റ് കെ എൻ സുകുമാരൻ, കോളേജ് പ്രിൻസിപ്പൽ ഡോ. കെ മണിലാൽ, വൈസ് പ്രിൻസിപ്പൽ കെ സി ശ്രീകാന്ത്, കോളേജ് യൂണിയൻ ചെയർപേഴ്സൺ ആകാശ് പ്രസാദ്, ജനറൽ കൺവീനർ ബബിത മാത്യൂസ്, അധ്യാപകർ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments