ആലപ്പുഴ- ഗ്ലോബൽ വാട്ടർ വണ്ടർലാൻൻഡ് പദ്ധതി; വകുപ്പുകളുടെ സംയുക്ത പരിശോധന ഇന്ന് (ആഗസ്റ്റ് 26)
'ആലപ്പുഴ- എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' പദ്ധതിയുടെ ഭാഗമായി രണ്ടാമത് ഡെസ്റ്റിനേഷൻ കമ്മിറ്റിയുടെ യോഗം ജില്ല കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടി. എം എൽ എ മാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ആലപ്പുഴയെ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാരാകർഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള വികസനവും നവീകരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി ഇന്ന് (ആഗസ്റ്റ് 26) കെ എസ് ഇ ബി, ഊരാളുങ്കൽ, മുസിരിസ് പ്രോജക്ട്, പി ഡബ്ല്യു ഡി റോഡ്, ബി എസ് എൻ എൽ, മുനിസിപ്പാലിറ്റി, ഡി ഡി ടൂറിസം തുടങ്ങിയ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തും.
ഫിനിഷിംഗ് പോയിൻ്റിലെ ടൂറിസത്തിന്റെ ഉപയോഗശൂന്യമായ അഞ്ച് കെട്ടിടങ്ങളും മുനിസിപ്പാലിറ്റിയുടെ ഒരു കെട്ടിടവും പൊളിച്ചു മാറ്റും.നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ദിവസമായ ആഗസ്റ്റ് 30ന് ഇതുമായി ബന്ധപ്പെട്ട പണികൾ നിർത്തി വെക്കാനും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
വാട്ടർ അതോറിറ്റിയുടെ കാലപ്പഴക്കം സംഭവിച്ച പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കണം.
സംസ്ഥാന സർക്കാർ തയ്യാറിക്കിയ ആലപ്പുഴ - എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് എന്ന പദ്ധതിക്ക് 93.177 കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം വായ്പയായി അനുവദിച്ചത്.ആലപ്പുഴയുടെ ജീവനാഡിയായ കനാലുകളുടെ കരകൾ നവീകരിക്കുന്നതിന് 37 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് നിർവഹണ ഏജൻസി. ഉരാളുങ്കലിനെയാണ് നിർമാണച്ചുമതല നൽകിയിട്ടുള്ളത്.
ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, ലാൻഡ് സ്കേപ്പിങ്, സൂചന ബോർഡുകൾ, പാർക്കിംഗ് ഗ്രൗണ്ട് , പ്രദർശന വേദികൾ, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, കായിക വേദികൾ, സി സി ടി വികൾ , മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയെല്ലാമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കളക്ടറുടെ ചേമ്പറിൽ കൂടിയ യോഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം ഡി വി പ്രഭാത്, ആലപ്പുഴ ഗ്ലോബൽ വാട്ടർ വണ്ടർലാൻ്റ് കമ്മറ്റിയംഗം
റോയി പി. തിയ്യോച്ചൻ, , ഡി ടി പി സി സെക്രട്ടറി കെ ജി അജേഷ്, നഗരസഭാ സെക്രട്ടറി ഷിബു നാലപ്പാട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments