Skip to main content

വള്ളംകളിയാവേശം നിറച്ച് സാംസ്‌കാരിക ഘോഷയാത്ര

ആലപ്പുഴയുടെ നഗരവീഥികളിൽ വള്ളംകളിയാവേശം നിറച്ച് സാംസ്‌കാരിക ഘോഷയാത്ര. നെഹ്‌റു ട്രോഫി വള്ളംകളിയ്ക്ക് മുന്നോടിയായി നഗരസഭ സംഘടിപ്പിച്ച ഘോഷയാത്ര കളക്ടറേറ്റിൽ എൻ ടി ബി ആര്‍ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ്  ഫ്ലാഗ് ഓഫ് ചെയ്തു. 
വെള്ളക്കുതിരയുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയിൽ മാവേലി, വാമനൻ, 
അമ്മൻകുടം, പഞ്ചവാദ്യം, റോളർ സ്കേറ്റിങ് ടീം, ശിങ്കാരിമേളം, ബാന്‍റ് സെറ്റ്, പുരാണവേഷങ്ങള്‍, കൊട്ടക്കാവടി, പൊയ്ക്കാല്‍ മയില്‍, തെയ്യം പ്ലോട്ടുകള്‍, വഞ്ചിപ്പാട്ട്, കൊയ്ത്ത് വേഷത്തിൽ കുട്ടികൾ എന്നിങ്ങനെയുള്ള കലാ, കായിക രൂപങ്ങൾ അണിനിരന്നു. നഗരത്തിലെ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളുടെ പ്രകടനങ്ങൾക്കും നഗരം സാക്ഷിയായി. ജനപ്രതിനിധികൾ, കലാ, കായിക, സാംസ്കാരിക രംഗത്തെ പ്രമുഖർ, സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികൾ, സ്റ്റുഡന്റ് പൊലീസ് അംഗങ്ങൾ, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി-ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവരും ഘോഷയാത്രയിൽ അണിനിരന്നു. വള്ളംകളിയുടെ ആവേശം നിറഞ്ഞു നിൽക്കുന്ന സായാഹ്നത്തിൽ ഘോഷയാത്ര കാണാനും ഫോട്ടോകൾ പകർത്താനുമായി  ആയിരങ്ങളാണ് ആർപ്പോ വിളിയോടെ വഴിയിരികിൽ തടിച്ചു കൂടിയത്. വൻജനാവലിയുടെ അകമ്പടിയോടെ നീങ്ങിയ ഘോഷയാത്ര നാൽപ്പാലത്തിൽ സമാപിച്ചു.
നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം.ജി. സതീദേവി, നസീർ പുന്നയ്ക്കൽ, എ.എസ്. കവിത, എം.ആർ. പ്രേം, ആർ. വിനീത,  ഡി.പി.സി. അംഗം ഡി.പി. മധു, കൗൺസിലർമാരായ ബിന്ദു തോമസ്, ഹരികൃഷ്ണൻ, രതീഷ്, സലിം മുല്ലാത്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി. വി പ്രഭാത്, ഡിറ്റിപിസി സെക്രട്ടറി കെ. ജി അജേഷ് തുടങ്ങിയവർ പങ്കെടുത്തു.

date