Skip to main content

പതിമൂന്നാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ സസ്റ്റിനബിള്‍ ഡെവലപ്പ്‌മെന്റ് - ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുത്ത ഏക കേസ് സ്റ്റഡി സുസ്ഥിര തൃത്താല- മന്ത്രി എം ബി രാജേഷ്

 

 

സുസ്ഥിര തൃത്താല അവലോകന യോഗം ചേര്‍ന്നു .

റോമില്‍ സെപ്തംബര്‍ 10,11 തിയതികളില്‍ നടക്കുന്ന പതിമൂന്നാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ സസ്റ്റിനബിള്‍ ഡെവലപ്പ്‌മെന്റ് അവതരണത്തിന് ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുത്ത ഏക കേസ് സ്റ്റഡി സുസ്ഥിര തൃത്താലയാണെന്ന് മന്ത്രി എം. ബി രാജേഷ്.
യൂറോപ്പ്യന്‍ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിലിറ്റിയും കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ചേര്‍ന്ന് നടത്തുന്ന കോണ്‍ഫറന്‍സിലാണ് സുസ്ഥിര തൃത്താലയെ തെരഞ്ഞെടുത്തത്.ഗ്രാമീണ ഇന്ത്യയിലെ സംയോജിതവും പങ്കാളിത്തസ്വഭാവമുള്ളതുമായ ഒരു സുസ്ഥിര വികസന മാതൃക എന്ന നിലയിലാണ് കോണ്‍ഫറന്‍സിലേക്ക് സുസ്ഥിര തൃത്താലയെ തെരഞ്ഞെടുത്തതെന്ന് അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.

സുസ്ഥിര തൃത്താല സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗവ.സെക്രട്ടറിമാരുടെ യോഗം വിളിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സുസ്ഥിരതൃത്താല പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി തൃത്താല മണ്ഡലത്തിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്കായി സൗജന്യമായി കിണര്‍ റീചാര്‍ജ്ജിംഗും ഒപ്പം തന്നെ സൗജന്യമായി സോക്ക്പിറ്റ് നിര്‍മ്മാണവും നടത്തും. മണ്ഡലത്തിലെ കര്‍ഷകരുടെ ഡീസല്‍/ഇലട്രിക്കല്‍ പമ്പുകള്‍ പി.എം. കുസും പദ്ധതി പ്രകാരം സൗരോര്‍ജ്ജമാക്കി മാറ്റാന്‍ നടപടിയെടുക്കും. പി.എം. സുര്യഘര്‍ പദ്ധതി പ്രകാരം അനേര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ കെ.എസ്.ഇ.ബിയുടെ സാങ്കേതിക സഹായത്തോടെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി സോളാര്‍ റൂഫ് ടോപ്പ് സജ്ജമാക്കും.പാറ ക്വാറികളുടെ റീചാര്‍ജ്ജിംഗ് , പുതിയകുളം/തോടുകളുടെ നിര്‍മ്മാണം,മൊബൈല്‍ പച്ചക്കറി വിതരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.തൃത്താല മണ്ഡലത്തെ തരിശ് രഹിത മണ്ഡലമാക്കുന്നതിനായി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേയും കൃഷിക്കനുയോജ്യമായ തരിശ് രഹിത ഭൂമി കണ്ടെത്തും. മണ്ഡലത്തില്‍ നിലവിലുളളതിന് പുറമെ 135 വാര്‍ഡുകളിലേക്കും പച്ചക്കറി കൃഷി വ്യാപിപ്പിക്കും. അമീബിക്ക് മസ്തിഷ്‌കജ്വരം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 30, 31 തിയ്യതികളില്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലേയും കിണര്‍- വാട്ടര്‍ ടാങ്ക് ശുചീകരണം നടപ്പാക്കും. 'ഹരിതഓണം' പ്രാവര്‍ത്തികമാക്കുന്നതിന് പുറമെ പ്രതിവാര ശുചീകരണവും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കുമെന്നും മന്ത്രി എം.ബി രാജേഷ് അവലോകനയോഗത്തില്‍ അറിയിച്ചു.
   സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി ഏഴ് ടണ്ണോളം പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് വില്‍പ്പന നടത്തുകയും കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ആഗസ്റ്റ് 31-ന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വിളവെടുപ്പ് ജനകീയ ഉത്സവമായി നടക്കും.

സുസ്ഥിര തൃത്താല പദ്ധതി പ്രകാരം ഭൂഗര്‍ഭ ജലവിധാനം നാല് കൊല്ലം കൊണ്ട് 82 സെന്റീമീറ്റര്‍ ഉയര്‍ത്താന്‍ സാധിച്ചു. 97 കാര്‍ഷിക കുളങ്ങള്‍ നിര്‍മ്മിച്ചു.64 കുളങ്ങളുടെ നവീകരണം, പുതുതായുളള 436 കിണറുകളുടെ  നിര്‍മ്മാണം, അംഗന്‍വാടികളുടെ കിണര്‍ റീചാര്‍ജിങ് ,900 വീടുകളിലെ കിണര്‍ റീചാര്‍ജിങ്, പൊതു സ്ഥാപനങ്ങളിലെ കിണറുകളുടെ റീച്ചാര്‍ജിങ് എന്നിവയിലൂടെ  ഒരു ദിവസം അഞ്ചു കോടി ലിറ്റര്‍ മഴവെള്ളം സംഭരിക്കാനുള്ള ശേഷി സാധ്യമായി.കൂടാതെ 84 കുളങ്ങളില്‍ മത്സ്യകൃഷി വിളവെടുപ്പ് നടന്നു. കൂണ്‍ കൃഷിയിലൂടെ കര്‍ഷകര്‍ക്ക്  വലിയ തോതില്‍ വരുമാന വര്‍ദ്ധനവ് ഉണ്ടായി.

സുസ്ഥിര തൃത്താലയുടെ ഭാഗമായി നടക്കുന്ന കാര്‍ഷിക കാര്‍ണിവല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ പടിഞ്ഞാറേങ്ങാടിയില്‍ വരെ നടക്കും. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ വിവിധ കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പാടശേഖര സമിതികൾ, ക്ലബുകൾ, സന്നദ്ധ-സാമൂഹിക സംഘടനകൾ തുടങ്ങിയവയുടെ പിന്തുണയോടുകൂടിയാണ് കാർഷികോത്സവം സംഘടിപ്പിക്കുന്നത്.ഇതിൻ്റെ ഭാഗമായി പ്രദർശന വിപണനമേള,കാർഷിക പ്രദർശനം,കാർഷിക സംരംഭകരുടെയും പ്രൊഫഷണലുകളുടെയും സംഗമം,കാർഷിക സാഹിത്യോത്സവം, പുസ്തകോത്സവം,കാർഷിക സെമിനാറുകൾ -സംവാദങ്ങൾ,പ്രാദേശിക കാർഷിക തനത് സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.

കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഓണം കാര്‍ണിവല്‍ ലോഗോ പ്രകാശനം ചെയ്തു.യോഗത്തില്‍ ജില്ലാ കളക്ടര്‍ എം. എസ് മാധവിക്കുട്ടി, അസിസ്റ്റന്റ് കളക്ടര്‍ രവി മീണ, നവ കേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി, വിവിധ വകുപ്പ് മേധാവികള്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date