Skip to main content

കാലത്തോടുള്ള കലാലയങ്ങളുടെ ചോദ്യങ്ങളാണ് മാഗസിനുകള്‍: മന്ത്രി എം.ബി. രാജേഷ്

മായം കലരാത്ത, പൊള്ളുന്ന വാക്കുകളിലൂടെ കലാലയങ്ങള്‍ കാലത്തോടുയര്‍ത്തുന്ന ചോദ്യങ്ങളാണ് ഓരോ കോളേജ് മാഗസിനുകളുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരളത്തിലെ മികച്ച കലാലയ മാഗസിനുകള്‍ക്കുള്ള  കേരള മീഡിയ അക്കാദമി പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ച്  പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ലോകത്തിന്റെ ചരിത്രത്തിലേക്കും കലയിലേക്കും നയിച്ചത് ക്യാമ്പസ് മാഗസിനുകളാണ്. ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തുന്ന വിലപ്പെട്ട രേഖകളാണ് കലാലയ മാഗസിനുകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2023-24 വര്‍ഷത്തിലെ മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും അടങ്ങുന്ന ഒന്നാംസമ്മാനത്തിന് അര്‍ഹമായത് പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പ്രസിദ്ധീകരിച്ച 'തുരുത്ത്'' എന്ന മാസികയാണ്. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം രണ്ട് കോളേജുകള്‍ വീതം പങ്കിട്ടു. എറണാകുളം ഗവ ലോ കോളേജിന്റെ മാഗസിന്‍ 'പറ്റലര്‍', മലപ്പുറം കോട്ടയ്ക്കല്‍ വി പി എസ് വി അയുര്‍വേദ കോളേജിന്റെ മാഗസിന്‍ ' ചെലപ്പധികാരം എന്നിവയ്ക്കാണ് രണ്ടാം സമ്മാനം. 15,000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കിയത്. കോഴിക്കോട് ജെ ഡി ടി ഇസ്ലാം കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിന്റെ മാഗസിന്‍ 'ഫുര്‍ഖത്', തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിന്റെ മാഗസിന്‍ 'ഇന്ത്യ ദാറ്റ് ഈസ് ഭാരത്' എന്നീ മാസികകള്‍ക്കാണ് മൂന്നാം സമ്മാനം. 10000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനമമായി നല്‍കിയത്.
     കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ് സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റുമായ വൈശാഖന്‍ മുഖ്യാതിഥിയായി.  മീഡിയ ക്ലബ്ബ് കോഡിനേറ്റര്‍   സ്‌നെമ്യ മാഹിന്‍  ജൂറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു എസ്.എല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സോജന്‍ ജോസ്, സ്റ്റാഫ് എഡിറ്റര്‍ ഡോ. കെ. പി. രവിചന്ദ്രന്‍, പി അഗ്നി ആഷിക്ക്, റോഷിന്‍ ജോര്‍ജ്ജ്, ഡോ. വന്ദന ചന്ദ്രന്‍, റിഫ റിയാസ് സി. ആര്‍.എസ്സ് ഋഷിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date