Skip to main content

കുടുംബശ്രീ - ഓണവിപണന മേളയ്ക്ക് 27ന് തുടക്കം നെടുമണ്‍കാവില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

കുടുംബശ്രീ ജില്ലാതല ഓണവിപണനമേള നെടുമണ്‍കാവ് പഞ്ചായത്ത് കോംപ്ലക്‌സ് ഗ്രൗണ്ടില്‍ ഓഗസ്റ്റ് 27ന് വൈകിട്ട് 5.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ അധ്യക്ഷയാകും. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് ആദ്യവില്പന നടത്തും. അത്തപൂക്കള മത്സരം, ഗാനമേള തുടങ്ങി വിവിധ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
കുടുംബശ്രീ സംസ്ഥാന മിഷന്‍ ആവിഷ്‌ക്കരിച്ച പോക്കറ്റ് മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്ത ഓണം ഹാമ്പറുകളുടെ എണ്ണം സംസ്ഥാനത്ത് 5000 കഴിഞ്ഞു, 1057 ഓര്‍ഡറുകളുമായി ഒന്നാമതാണ് കൊല്ലം ജില്ല.
കുടുംബശ്രീ ഉത്പന്നങ്ങള്‍, കാര്‍ഷികകൂട്ടായ്മയുടെ വിളവുകള്‍,പൂക്കള്‍, തേന്‍ ഉത്പ്പന്നങ്ങള്‍, തഴപ്പായ, ഇരുമ്പ്പാത്രങ്ങള്‍, ഖാദിതുണിത്തരങ്ങള്‍ തുടങ്ങിയവ വിപണനമേളയിലുണ്ടാകാം. ജില്ലയിലുടനീളം 150 വിപണനമേളകള്‍ സിഡിഎസ് തലത്തില്‍ നടത്തും. ഒരു സിഡിഎസ് 2 മേളകള്‍ക്ക് നേതൃത്വംനല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെനടത്തുന്ന സിഡിഎസ് മേളകളില്‍ പ്രാദേശിക കുടുംബശ്രീ സംരംഭകരുടെ സമ്പൂര്‍ണ പങ്കാളിത്തമുണ്ട്. മൂന്ന് ദിവസം നീളുന്ന സിഡിഎസ് മേളകളില്‍ 750 രൂപ വരുന്ന 11 ഉല്‍പന്നങ്ങള്‍ അടങ്ങിയ ഓണക്കിറ്റുമുണ്ട്. കുടുംബശ്രീ ലേബലോട് കൂടിയ തുണിബാഗിലാണ് കിറ്റ് വിതരണം. കുടുംബശ്രീ പദ്ധതികളായ ഓണക്കനി (പച്ചക്കറി കൃഷി), നിറപ്പൊലിമ (പൂകൃഷി) എന്നിവയുടെ വിളവുകള്‍ക്കും സിഡിഎസ്തല മേളകള്‍ വിപണനകേന്ദ്രമാകും.
 
പ്രീമിയം സ്വാദുമായി കുടുംബശ്രീ
വെറ്റമുക്കില്‍ ആരംഭിച്ച ജില്ലയിലെ പ്രഥമ പ്രീമിയം കഫേയിലും ഓണം സ്‌പെഷ്യലുകള്‍ ലഭ്യമാണ്. 279 രൂപ വിലവരുന്ന 3 തരം പായസം, ബോളി തുടങ്ങി 25 വിഭവങ്ങള്‍ ഉള്‍പെടുന്ന വിഭവസമൃദ്ധമായ പ്രീമിയം സദ്യയും, 18 വിഭവങ്ങളുള്ള 169 രൂപ വരുന്ന ഇലസദ്യയും ഉണ്ട്. 3 ഫാമിലി പ്രീമിയം ഓണസദ്യ ഗിഫ്റ്റ് ബോക്സും ലഭ്യമാണ്- 1999 രൂപയാണ് വില. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ ലഭ്യമാകുന്ന ഓണസദ്യ ഗിഫ്റ്റ് ബോക്‌സിന് 7 കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യ ഡെലിവറിയുണ്ടാകും.
 

date