Skip to main content

ആദിവാസി ഗോത്ര ജനതയുടെ പ്രകൃതിദത്ത നിർമ്മിതികൾ നേരിട്ട് കാണാം

ഗദ്ദികയ്ക്കു കൗതുകം പകരാൻ കിർടാഡ്സിന്റെ കുടിലുകൾ ഒരുങ്ങുന്നു

 

 

 ആദിവാസി ഗോത്ര ജനതയുടെ പ്രകൃതിദത്തമായ ജീവിതരീതിയും നിർമ്മിതികളും നേരിട്ട് കണ്ടറിയാൻ അവസരം ഒരുങ്ങുന്നു. ആഗസ്റ്റ് 29 മുതൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഗദ്ദിക ഗോത്ര കലാ പ്രദർശന മേളയിൽ

ഗോത്ര ജീവിതത്തിന്റെ കഥകൾ പറയാൻ ഒരുങ്ങുകയാണ് കിർടാഡ്സ് വകുപ്പിന്റെ സ്റ്റാളുകൾ. 

 

മുള, പുല്ല്, മണ്ണ്, മറ്റ് പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പരമ്പരാഗത കുടിലുകൾ പ്രദർശിപ്പിക്കുന്നതിലൂടെ പരമ്പരാഗത വാസ്തുവിദ്യകൾ കണ്ടറിയാനുള്ള അവസരവും ഒരുങ്ങുകയാണ്.

വയനാട്ടിൽ നിന്നുള്ള കുറിച്യർ, പണിയർ, കാട്ടുനായ്ക്കർ തുടങ്ങിയ വിഭാഗത്തിൽപ്പെട്ട വിദഗ്ധർ തന്നെ നേരിട്ട് എത്തിയാണ് കുടിലുകൾ നിർമ്മിക്കുന്നത്. വൈവിധ്യവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ഗൃഹമാതൃകകൾ സ്റ്റാളുകളിൽ ഒരുക്കി പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്.

 

 ഗോത്രജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ, സാമൂഹിക ബന്ധങ്ങൾ, കലാരൂപങ്ങൾ എന്നിവയുടെ സമ്പൂർണ പ്രതിബിംബമാകുന്ന ഗൃഹമാതൃകകൾ സന്ദർശകർക്ക് അത്യന്തം രസകരമായ ഒരു കാഴ്ച അനുഭവവുമാണ് നൽകുക. 

നഗരവാസികളെ ഗോത്രസംസ്കാരവും ജീവിത രീതിയും നേരിട്ട് പരിചയപ്പെടുത്താനുള്ള ഒരുക്കങ്ങൾക്കാണ് മുൻഗണനയെന്ന് കിർത്താഡ്സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. എസ്. പ്രദീപ് കുമാർ പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും, ഗവേഷകർക്കും ഒരുപോലെ ഗൃഹമാതൃകകൾ വഴി ഗോത്രസംസ്കാരത്തിന്റെ അറിവും ജീവിതരീതിയും മനസ്സിലാക്കാനുള്ള അവസരമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു .

 

date