കേരള അര്‍ബന്‍ കോണ്‍ക്ലേവ്; പ്രദര്‍ശനം ഇന്നാരംഭിക്കും (11-09-2025, വ്യാഴം)*
കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025ന്റെ ഭാഗമായുള്ള പ്രദര്‍ശനം കൊച്ചി മറൈന്‍ ഡ്രൈവില്‍ ഇന്നാരംഭിക്കും (11-09-2025, വ്യാഴം). ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ അഡ്വ: എം. അനില്‍കുമാര്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോണ്‍ക്ലേവിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 11 മുതല്‍ 15 വരെയാണ് വിപുലമായ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ നഗരവികസന യാത്ര, പുതിയ ആശയങ്ങള്‍, നവീന സാങ്കേതിക വിദ്യകള്‍, സുസ്ഥിര മാതൃകകള്‍, നഗര സൗകര്യങ്ങളിലെ പുരോഗതി എന്നിവ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വേദിയാകും പ്രദര്‍ശനം. നഗരവികസനവുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നൂതനാശയങ്ങളും, വിജയിച്ച മാതൃകകളും, പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററിലാണ് കേരളത്തിന്റെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിനുള്ള കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025 സംഘടിപ്പിക്കുന്നത്.
- Log in to post comments