അതുല്യം ഈ തുല്യതാപരീക്ഷ വിജയം; എണ്‍പതിന്‍റെ നിറവില്‍ ഗോപിദാസ് ഇനി ബിരുദപഠനത്തിന്
സാക്ഷരതാമിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ കോഴ്സിൽ എൺപതുകാരന് മികച്ച വിജയം. പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ താന്നിപ്പള്ളിച്ചിറ വീട്ടിൽ പി ഡി ഗോപിദാസാണ് നേട്ടം കൈവരിച്ചത്. ഹയർ സെക്കൻഡറി ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠനം നടത്തിയ ഗോപിദാസിന് മലയാളത്തിന് എ പ്ലസ് ലഭിച്ചു. പൊളിറ്റിക്സിനും സോഷ്യോളജിക്കും ബി ഗ്രേഡ് ലഭിച്ചു.
ചെറുപ്പകാലത്ത് അഞ്ചാം ക്ലാസിൽ പഠനം മുടങ്ങിയ ഗോപിദാസ് സാക്ഷരതാമിഷൻ വഴിയാണ് ഏഴാം ക്ലാസും പത്താം ക്ലാസും വിജയിച്ചത്. അമ്മയുടെ ആഗ്രഹം നിറവേറ്റാനാണ് താൻ തുല്യതാപഠനത്തിലേക്ക് വന്നതെന്ന് ഗോപിദാസ് പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുമായി ചേർന്ന് സാക്ഷരതാമിഷൻ ആരംഭിക്കുന്ന ബിരുദ കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഗോപിദാസ്. വക്കീലാകണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഞായാറാഴ്ചകളിൽ നടക്കുന്ന തുല്യത സമ്പർക്ക പഠന ക്ലാസിൽ ഗോപിദാസ് സ്ഥിരമായി എത്തിയിരുന്നു. അതേ സ്കൂളിലാണ് പരീക്ഷ എഴുതിയതും. ജില്ലയിൽ 1222 പേരാണ് തുല്യതാ പരീക്ഷ എഴുതിയത്. അഞ്ച് ജനപ്രതിനിധികളും അഞ്ച് ദമ്പതിമാരും പരീക്ഷ എഴുതിയിരുന്നു.
- Log in to post comments