രണ്ടു ദിവസം, 36 സെഷനുകള്‍, 295 പ്രഭാഷകര്‍; കേരള അര്‍ബന്‍ കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും
കേരളത്തിന്റെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025ന് ഇന്ന് (സെപ്തംബര്‍ 12, വെള്ളി) കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്വെന്ഷന് സെന്ററില്‍ തുടക്കമാകും. 'അസ്പിറിങ് സിറ്റീസ്, ത്രൈവിംഗ് കമ്മ്യൂണിറ്റീസ്' എന്ന ആശയത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും. കേന്ദ്ര ഭവനനിര്‍മ്മാണ, നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യാതിഥിയാകും. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്, ശ്രീലങ്ക നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അടിസ്ഥാന സൗകര്യ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം മാര്ട്ടിന് മെയര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കേന്ദ്ര നഗരകാര്യ സെക്രട്ടറി കെ. ശ്രീനിവാസ് ഐ.എ.എസ്, മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ.രാജന്, എ.കെ. ശശീന്ദ്രന്, പി. രാജീവ് തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.
കേരള നഗരനയ കമ്മീഷന് ചെയര്മാന് പ്രൊഫ. എം. സതീഷ്കുമാറും, സഹ അധ്യക്ഷനും കൊച്ചി മേയറുമായ അഡ്വ. എം. അനില്‍കുമാറും കമ്മീഷന്റെ റിപ്പോര്‍ട്ട് കോണ്‍ക്ലേവില്‍ അവതരിപ്പിക്കും.
രണ്ടു ദിവസങ്ങളില്‍ 36 സെഷനുകളിലായി 295 പ്രഭാഷകര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. മൂന്ന് ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറങ്ങളും അഞ്ചു പ്ലീനറി സെഷനുകളും 10 നയരൂപീകരണ സെഷനുകളും രണ്ടു ഫോക്കസ് സെഷനുകളും അഞ്ച് ഫയര്‍സൈഡ് ചാറ്റുകളും 11 വട്ടമേശ സമ്മേളനങ്ങളുമാണ് സംഘടിപ്പിക്കുന്നത്.
ആദ്യ ദിവസമായ ഇന്ന് ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറം ഓഫ് മിനിസ്റ്റേഴ്സും, ഉച്ചയ്ക്ക് ശേഷം കേരളത്തിലെ മുഴുവന്‍ കോര്പറേഷന് മേയര്‍മാരും മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍മാരും പങ്കെടുക്കുന്ന കൗണ്‍സിലേഴ്സ് അസംബ്ലിയും നടക്കും. ആദ്യ ദിവസമായ ഇന്ന് വിവിധ വിഷയങ്ങളിലായി ആറ് നയരൂപീകരണ സെഷനുകളും അഞ്ച് പ്ലീനറി സെഷനുകളും അഞ്ച് ഫയര്‍സൈഡ് ചാറ്റുകളും, ആറ് വട്ടമേശ സമ്മേളനങ്ങളും ഒരു ഫോക്കസ് സെഷനും നടക്കും.
സെപ്റ്റംബർ 13ന് വൈകിട്ട് നാലിനു നടക്കുന്ന സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം പി രാജേഷ് ഉദ്ഘാടനം ചെയ്യും. വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ഐക്യരാഷ്ട്രസഭയുടെ ഇന്ത്യ റെസിഡൻ്റ് കോഓർഡിനേറ്റർ ഷോംബി ഷാർപ്പ് മുഖ്യാതിഥിയാകും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ജെ. ചിഞ്ചുറാണി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ, എൽ എസ് ജി ഡി പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.
- Log in to post comments