Skip to main content

കുടുംബശ്രീ വൺ സ്റ്റോപ്പ്‌ ഫെസിലിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ കുടുംബശ്രീയുടെ വൺ സ്റ്റോപ്പ്‌ ഫെസിലിറ്റി സെന്റർ (ഒഎസ്എഫ് ) ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. സൂക്ഷ്മ സംരംഭങ്ങളുടെ വിപുലീകരണം ലക്ഷ്യമാക്കി കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയാണ് വൺ സ്റ്റോപ്പ് ഫെസിലിറ്റി സെന്റർ. നിലവിലുള്ള സംരംഭങ്ങളുടെ സാധ്യതകൾ മനസിലാക്കി കൂടുതല്‍ വിപുലമായ സംരംഭങ്ങളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിലുള്ള സംരംഭങ്ങളുടെ  വിപുലീകരണവും വളർച്ചയും കഴിഞ്ഞ കുറച്ചു നാളുകളായി കുടുംബശ്രീയുടെ പരിഗണനയിലാണ്. ഇതിന്റെ ഭാഗമായി ദേശീയ ഗ്രാമീണ ഉപജീവന മിഷനുമായി (എൻആർഎൽഎം) ചേർന്നാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കുടുംബശ്രീ സംരംഭങ്ങളെ കണ്ടെത്തുന്നതിന് സിഇഎഫ് (കമ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ട്) ഉൾപ്പെടെയുള്ളവയുടെ പിന്തുണ ഉറപ്പുവരുത്തേണ്ടതുണ്ട്. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് നിലവിൽ സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ അമ്പലപ്പുഴ, ഹരിപ്പാട് ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് വർഷമാണ് കാലയളവ്. അഞ്ച് കോടി രൂപ വരെ ഇതിനായി അനുവദിക്കും. ആദ്യ ഗഡുവായ ഒരു കോടി രൂപ ഒഎസ്എഫ് മാനേജ്മെന്റ് കമ്മിറ്റിയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. യോഗ്യരായ സംരംഭകരെ കണ്ടെത്തി പദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്നതിന് 12 ബിഡിഎസ്പിമാരെ (ബിസിനസ് ഡെവലപ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍) തിരഞ്ഞെടുക്കുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്തു. രണ്ടു ബ്ലോക്കുകളിലായാണ് ബിഡിഎസ്പിമാർ വിവിധ സിഡിഎസുകളിൽ സേവനമനുഷ്ഠിക്കുക. പദ്ധതിക്കായി ഒരു നോഡൽ ഓഫീസും ഒരു സാറ്റലൈറ്റ് ഓഫീസുമാണുള്ളത്. നോഡൽ ഓഫീസ് അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലും സാറ്റലൈറ്റ് ഓഫീസ് ഹരിപ്പാട് ബ്ലോക്കിലെ കുമാരപുരം പഞ്ചായത്തിലും പ്രവർത്തിക്കും.

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എസ് ഹാരിസ് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ടെസി ബേബി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പ്രജിത് കാരിക്കൽ, അമ്പലപ്പുഴ വടക്ക് സിഡിഎസ് ചെയർപേഴ്സൺ ലേഖ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ രാധ ഓമനക്കുട്ടൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

date