Skip to main content
ആയുഷ്യം ആരോഗ്യ പദ്ധതി വഴി നടപ്പാക്കുന്ന വാർഡ് തല ആരോഗ്യ സ്ക്രീനിംഗ് ക്യാമ്പിൽ വയോജനങ്ങൾ പരിശോധന നടത്തുന്നു

വയോജനങ്ങള്‍ക്ക് 'ആയുഷ്യം' ആരോഗ്യ പദ്ധതിയുമായി തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്

 

വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുഖ്യ പരിഗണന നല്‍കുന്ന 'ആയുഷ്യം' ആരോഗ്യ പദ്ധതിയുമായി തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്. ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിയുടെ കീഴിലാണ് ജില്ലയില്‍ ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. ചികിത്സാ സൗകര്യങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കലാപരിപാടികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി വയോജനങ്ങളുടെ സമഗ്ര ആരോഗ്യ പരിപാലനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

ക്യാമ്പുകള്‍ വഴി ആയുര്‍വേദ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കും. ആരോഗ്യ പരിപാലനത്തിനായി എല്ലാ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും വയോ ക്ലബ് വഴി യോഗ പരിശീലനം, ബോധവത്കരണ പരിപാടികള്‍, പരിശീലന പരിപാടികള്‍, കൂട്ടായ്മകള്‍ എന്നിവയും മാനസികാരോഗ്യത്തിനായി വയോ ക്ലബുകള്‍ വഴികലാ-കായിക-സാംസ്‌കാരിക പരിപാടികളും ഒരുക്കുന്നുണ്ട്. 

സന്ധി, അസ്ഥി, മാനസികാരോഗ്യം, നേത്രം,ഇഎന്‍ടി, സ്ത്രീ രോഗം തുടങ്ങി വയോജനങ്ങള്‍ക്ക് വേണ്ട സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങളും ഉണ്ടാകും. കിടപ്പിലായവര്‍ക്കും പ്രായാധിക്യം കാരണം വീട്ടില്‍ കഴിയുന്നവര്‍ക്കും ഹോം കെയര്‍ സംവിധാനവും കാരുണ്യ പാലിയേറ്റിവ് കെയര്‍ പദ്ധതിയും, ഹര്‍ഷം മാനസികാരോഗ്യ പദ്ധതി, ഒസ്ടിയോപെറോസിസ് പദ്ധതി, വയോമിത്രം, സ്വാസ്ഥ്യ എന്‍സിഡി, ആയുര്‍യോഗ പദ്ധതികള്‍, നേത്രം ഇ എന്‍ ടി ക്ലിനിക്, പഞ്ചകര്‍മ ചികിത്സാ സൗകര്യം എന്നിവയും പദ്ധതിയില്‍ ലഭ്യമാക്കും.

പദ്ധതി വഴി നടപ്പാക്കുന്ന വാര്‍ഡ്തല ആരോഗ്യ സ്‌ക്രീനിങ് ക്യാമ്പുകള്‍ക്ക് പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ആദ്യ മെഡിക്കല്‍ ക്യാമ്പ് എടക്കര ജനകീയാരോഗ്യ കേന്ദ്രത്തില്‍ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള ഉദ്ഘാടനം ചെയ്തു. ആയുഷ്യം നൂതന പദ്ധതിയുടെയും നാഷണല്‍ ആയുഷ് മിഷന്‍ വയോമിത്രം പദ്ധതിയുടെയും ഭാഗമായി അണ്ടിക്കോട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ ആഭിമുഖ്യത്തിലാണ് സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്ത പരിശോധനകളും ആരോഗ്യ പരിശോധനകളും യോഗ പരിശീലനവും അവബോധ ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായി നടന്നു. എല്ലാ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും ക്യാമ്പുകള്‍ നടത്താനും തുടര്‍ചികിത്സ ആയുഷ്യം പദ്ധതി വഴി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള പറഞ്ഞു.

date