സോഫ്റ്റ് വെയർ സ്വാതന്ത്ര ദിനാചരണവുമായി കൈറ്റ്
അറിവിന്റെ ജനകീയവൽക്കരണവും സ്വതന്ത്ര വിനിമയവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് സംസ്ഥാനത്തുടനീളം സെപ്റ്റംബർ 20 ന് സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാചരണം സംഘടിപ്പിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം കേരള പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിക്കും. കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത് ആമുഖ പ്രഭാഷണം നടത്തും.
കണ്ണൂർ ജില്ലാതല പരിപാടികൾ സെപ്റ്റംബർ 20 ന് രാവിലെ 10 മുതൽ കണ്ണൂർ കൈറ്റ് ഓഫീസിൽ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി കൈറ്റ് ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റം ആവശ്യമുള്ള എല്ലാവർക്കും സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു കൊടുക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഫ്രീ സോഫ്റ്റ് ഗ്രാഫിക്സ് പരിശീലന പരിപാടി നടക്കും. ക്രിറ്റ, സ്‌ക്രൈബസ് തുടങ്ങിയ സ്വതന്ത്ര ഗ്രാഫിക്കൽ ഡിസൈനിംഗ് സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് പോസ്റ്ററുകൾ, വിസിറ്റിംഗ് കാർഡുകൾ, ബ്രോഷറുകൾ, ലോഗോകൾ, മാഗസിൻ പേജുകൾ തുടങ്ങിയവ ഡിസൈൻ ചെയ്യാനും ലേഔട്ട് ചെയ്യാനുമുള്ള പരിശീലനത്തിൽ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. കൈറ്റിലെ മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിലാണ് പരിശീലനം.
സോഫ്റ്റ് വെയർ സ്വാതന്ത്ര വാരാചരണമെന്ന രീതിയിൽ സെപ്റ്റംബർ 22 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ എല്ലാം ഹൈസ്‌കൂളുകളിലും പ്രത്യേക അസംബ്ലി, ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ സെമിനാറുകൾ, റോബോട്ടിക് ഫെസ്റ്റ്, പോസ്റ്റർ നിർമാണ ക്യാമ്പയിൻ എന്നീ അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.
- Log in to post comments