ജസ്റ്റിസ് മോഹനൻ കമ്മീഷൻ : രണ്ടാം ഘട്ട പൊതു തെളിവെടുപ്പ് നടന്നു
അടുത്ത തെളിവെടുപ്പ് നാളെ(22) ഭൂതത്താൻകെട്ടിൽ
താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട ജസ്റ്റിസ് വി. കെ മോഹനൻ ജുഡീഷ്യൽ കമ്മീഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന രണ്ടാം ഘട്ട പൊതു തെളിവെടുപ്പും ഹിയറിംഗും ജില്ലയിൽ നടന്നു. ജസ്റ്റിസ് വി. കെ മോഹനൻ്റെ അധ്യക്ഷതയിൽ വിനോദസഞ്ചാരം, ഉൾനാടൻ ജലഗതാഗതം, മത്സ്യബന്ധനം തുടങ്ങിയ വിഷയങ്ങളിലാണ് തെളിവെടുപ്പ് നടന്നത്.
കടലിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് ഉൾനാടൻ ജലാശയങ്ങളിലും ബോട്ട് ഓടിക്കാൻ അനുവദിക്കുന്ന തരത്തിൽ കേരള മാരിടൈം ബോർഡ് നിയമ നിർമാണം നടത്തുക, ഇൻലാന്റ് വെസൽ ആക്ട് 2021 അധികാരമുപയോഗിച്ച് ഫലപ്രദമായ ചട്ടങ്ങൾ രൂപീകരിക്കുക, ബോട്ട് സർവീസ് നിയമപ്രകാരമാണോയെന്ന് പരിശോധിക്കുന്നതിന് എൻഫോഴ്സ്മെൻ്റിനെ നിയമിക്കുക, ലൈസൻസിംഗ് സംവിധാനം ഉദാരമാക്കുക, ചീന വലകളുടെ ദ്രവിച്ച കുറ്റികൾ നീക്കം ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങൾ കമ്മീഷനു മുമ്പാകെ വന്നു.
താനൂർ അപകടവുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ ആറ് ടേംസ് ഓഫ് റഫറൻസുകളിൽ മൂന്ന് മുതൽ ആറ് വരെയുള്ള വിഷയങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി രണ്ടാം ഘട്ട പൊതു തെളിവെടുപ്പും ഹിയറിങ്ങും നടന്ന് വരുന്നത്.
ജലഗതാഗത മേഖലയിൽ ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് പരിഹാര മാർഗങ്ങൾ ശുപാർശ ചെയ്യുക, നിലവിലുള്ള ലൈസൻസിങ് എൻഫോഴ്സ്മെൻ്റ് സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിക്കുക , മുൻകാലങ്ങളിലുണ്ടായ ബോട്ട് അപകടങ്ങളെ തുടർന്ന് നിയോഗിച്ച അന്വേഷണ കമ്മീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തെളിവെടുപ്പ് നടന്ന് വരുന്നത്. ജില്ലയിലെ അടുത്ത തെളിവെടുപ്പ് നാളെ (22) രാവിലെ 11ന് ഭൂതത്താൻകെട്ട് ഇറിഗേഷൻ ബംഗ്ലാവിൽ നടക്കും.
മറൈൻഡ്രൈവ് ജിസിഡിഎ ആസ്ഥാനത്ത് നടന്ന തെളിവെടുപ്പിൽ കമ്മീഷൻ അംഗങ്ങളായ കേരള വാട്ടർ വേയ്സ് ആൻ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചീഫ് എൻജിനിയർ സുരേഷ് കുമാർ, കുസാറ്റ് ഷിപ്പ് ബിൽഡിങ് ടെക്നോളജി വിഭാഗം റിട്ടയർഡ് പ്രൊഫസർ ഡോ. കെ. പി നാരായണൻ, കമ്മീഷൻ മെമ്പർ സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജി ടി.കെ രമേഷ് കുമാർ, കോർട്ട് ഓഫീസർ റിട്ട. മുൻസിഫ് മജിസ്ട്രേറ്റ് ജി. ചന്ദ്രശേഖരൻ, കമ്മീഷൻ സെക്രട്ടറി ശിവ പ്രസാദ്, നോഡൽ ഓഫീസർ ലിജോ ജോസഫ് എന്നിവർ പങ്കെടുത്തു.
- Log in to post comments