പിലാത്തറ -ചന്തപുര മാതമംഗലം റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം 22 ന്
പിലാത്തറ -ചന്തപുര മാതമംഗലം റോഡിന്റെ നവീകരണ പ്രവൃത്തി സെപ്റ്റംബർ 22 ന്
വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.
പിലാത്തറ മുതൽ ചന്തപുര വരെ ആറു കോടി രൂപയും ചന്തപ്പുര മുതൽ മാതമംഗലം വരെ അഞ്ച് കോടി രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്. പിലാത്തറ ടൗൺ സൗന്ദര്യ വത്കരണത്തിന് നവകേരള സദസിൽ രണ്ട് കോടി രൂപഅനുവദിച്ചിരുന്നു. ഇതുൾപ്പെടെ ആകെ 13 കോടി രൂപയാണ് അനുവദിച്ചത്.
ഇതിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച ചന്തപ്പുര മുതൽ മാതമംഗലം വരെയുള്ള ആദ്യഘട്ട പ്രവൃത്തിക്കാണ് തുടക്കമാകുന്നത്.
നവീകരണ പ്രവർത്തിയിൽ ഉൾപ്പെടുത്തി പിലാത്തറ മുതൽ മാതമംഗലം വരെ നിലവിലുള്ള റോഡ് അത്യാവശ്യമായ സ്ഥലങ്ങളിൽ അടിത്തറ ശക്തിപ്പെടുത്തി വീതി ഏഴു മീറ്ററാക്കും. മെക്കാഡം ടാറിംഗ്, കൾവർട്ടുകൾ, ഓടകൾ എന്നിവ പുതുക്കിപ്പണിയും. കൂടാതെ ആവശ്യമായ സ്ഥലങ്ങളിൽ പുതിയ ക്രോസ് ഡ്രെയിൻ, ഡ്രെയിൻ എന്നിവ ചെയ്യുവാനും ആധുനിക രീതിയിലുള്ള റോഡ് സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തുവാനുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും എം വിജിൻ എം എൽ എ പറഞ്ഞു.
മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ ചെറുതാഴം-കുറ്റൂർ-പെരിങ്ങോം റോഡിന്റെ ഭാഗമായ
പിലാത്തറ -ചന്തപുര മാതമംഗലം റോഡിന്റെ നവീകരണ പ്രവൃത്തിപൂർത്തിയാകുന്നത്തോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമാകും.
- Log in to post comments