Skip to main content

ജല ബജറ്റുമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍; പ്രകാശനം 23ന്

ഇന്ത്യയില്‍ത്തന്നെ ആദ്യമായി ജല ബജറ്റ് തയാറാക്കുന്ന കോര്‍പ്പറേഷന്‍ എന്ന നേട്ടം ഇനി കണ്ണൂര്‍ കോര്‍പ്പറേഷന് സ്വന്തം. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ തയാറാക്കിയ ജല ബജറ്റ് സെപ്റ്റംബര്‍ 23 ന് മേയര്‍ മുസ്ലിഹ് മഠത്തില്‍ പ്രകാശനം ചെയ്യും. ശുദ്ധജല സ്രോതസുകള്‍ കുറഞ്ഞുവരികയും ജല ഉപഭോഗം വര്‍ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തില്‍, ജലലഭ്യതയെയും ഉപയോഗത്തെയും കുറിച്ചുള്ള ഡാറ്റ അവതരിപ്പിച്ചുകൊണ്ട് പൗരന്മാരെ ജലസാക്ഷരരാക്കുക എന്നതാണ് ജലബജറ്റിന്റെ ലക്ഷ്യം.

കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലെ ജലലഭ്യതയും വിവിധ മേഖലകളില്‍ ആവശ്യമായ ജലത്തിന്റെ അളവും തുലനം ചെയ്തു തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്. മഴ, ഉപരിതല ജലം, ഭൂജലം, ഒഴുകി വരുന്നതും പോകുന്നതുമായ ജലം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇതു കണക്കാക്കുന്നത്. ശുദ്ധജലം, ജലസേചനം, വ്യവസായം, ടൂറിസം, മത്സ്യബന്ധനം, മറ്റ് അടിസ്ഥാന പാരിസ്ഥിതിക നീരൊഴുക്ക് എന്നിവ നിലനിര്‍ത്താന്‍ വിവിധ സമയങ്ങളില്‍ വേണ്ടിവരുന്ന ജലാവശ്യകത ഇതിലൂടെ കണ്ടെത്താന്‍ സാധിക്കുന്നു.
ശാസ്ത്രീയമായ രീതിശാസ്ത്രം ഉപയോഗിച്ച് ഓരോ പ്രദേശത്തിന്റെയും ജലലഭ്യതയും ആവശ്യകതയും കണ്ടെത്തിയാല്‍ ജലമിച്ചവും കമ്മിയും മനസ്സിലാക്കാം. ജലമിച്ചമുള്ള സമയത്ത് ജലകമ്മിയുള്ള കാലത്തേക്ക് ജലം സംഭരിച്ച് സംരക്ഷിച്ച് പ്രയോജനപ്പെടുത്താനും ജല മലനീകരണം, ദുരുപയോഗം എന്നിവ തടഞ്ഞ് ജലഗുണത ഉറപ്പു വരുത്താനുമുള്ള കര്‍മ പരിപാടി തയ്യാറാക്കലാണ് ജലബജറ്റ് ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടി ഉള്‍പ്പെടുത്തി ഹരിതകേരള മിഷന്‍ തദ്ദേശസ്ഥാപനതലത്തില്‍ തയ്യാറാക്കുന്ന ജനകീയ ജലബജറ്റ് ഭാവി കേരളത്തിന്റേയും വരും തലമുറയുടേയും ജലസുരക്ഷ ഉറപ്പാക്കുന്ന നിര്‍ണായക രേഖയാണ്. പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ അഞ്ച് സോണുകളിലായി 55 വാര്‍ഡുകളിലെയും വിവരങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടാണ് ജലബജറ്റ് തയാറാക്കിയത്.

date