ജില്ലയിലെ ആദ്യ ശീതീകരിച്ച സ്മാര്‍ട്ട് അങ്കണവാടി തെങ്കര ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
പാലക്കാട് ജില്ലയിലെ ആദ്യത്തെ ശീതീകരിച്ച സ്മാര്‍ട്ട് അങ്കണവാടി തെങ്കര ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെങ്കര ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ പുഞ്ചക്കോട് കുന്നുംപുറം സ്മാര്‍ട്ട് അങ്കണവാടിയാണ് ഈ നേട്ടം കൈവരിച്ചത്. അങ്കണവാടിയുടെ ഉദ്ഘാടനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, ഐ.സി.ഡി.എസ്., എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. എന്നിവയുടെ സംയുക്ത പദ്ധതിയായി 18 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയാണ് 600 ചതുരശ്ര അടിയില്‍ അങ്കണവാടിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മറ്റ് അങ്കണവാടികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, ശിശുസൗഹൃദപരമായ രീതിയിലാണ് അങ്കണവാടിയുടെ ഘടന രൂപകല്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി വിശാലമായ ഹാളും, ഇരിപ്പിടം ഉള്‍പ്പെടുന്ന, പുറത്തേക്ക് തള്ളിനില്‍ക്കുന്നതും കൂടുതല്‍ പ്രകാശം നല്‍കുന്നതുമായ ബേ ജനാലകളും അങ്കണവാടിയുടെ പ്രത്യേകതകളാണ്. കൂടാതെ, വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ വാഷിങ് ഏരിയയും, അവരുടെ ഉയരത്തിനനുസരിച്ച് ക്രമീകരിച്ച വാഷ്‌ബേസിനും ഒരുക്കിയിട്ടുണ്ട്. ശിശുസൗഹൃദപരമായ ശുചിമുറിയും അങ്കണവാടിയില്‍ ലഭ്യമാണ്. കിച്ചണ്‍, സ്റ്റോര്‍ റൂം, സ്മാര്‍ട്ട് ടി.വി., വൈ ഫൈ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങളും അങ്കണവാടിയില്‍ പ്രവര്‍ത്തിക്കുന്നു. എയര്‍ കണ്ടീഷണര്‍ വാര്‍ഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ കെ.പി. ജഹീഫാണ് സംഭാവന ചെയ്തത്.
- Log in to post comments