Skip to main content

ആരോഗ്യപരിപാലനത്തിൽ പത്തിയൂരിന് പവറേകാൻ ഇനി കുടുംബാരോഗ്യ കേന്ദ്രവും

*ഉദ്ഘാടനം ഇന്ന്(23) മന്ത്രി വീണ ജോർജ് നിർവഹിക്കും

ആരോഗ്യപരിപാലനത്തിൽ പത്തിയൂർ ഗ്രാമപഞ്ചായത്തിന് കൂടുതൽ പവറേകാൻ ഇനി കുടുംബാരോഗ്യ കേന്ദ്രവും. ഇതാദ്യമായല്ല ആരോഗ്യ പരിപാലന രംഗത്തെ  പത്തിയൂരിൻ്റെ കരുത്ത് നാട്ടുകാർ അറിയുന്നത്, കോവിഡ് മഹാമാരി കാലത്ത് പത്തിയൂർ നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിലെയും പ്രതിരോധ പ്രവർത്തനങ്ങളിലെയും മികവ് കണക്കിലെടുത്ത് മികച്ച പഞ്ചായത്തിനുള്ള 'ആർദ്രം കേരള പുരസ്‌കാരം' പഞ്ചായത്തിന് ലഭിച്ചിരുന്നു. ഈ മികവ് നിലനിർത്തുവാൻ പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിക്കുകയാണ്. പത്തിയൂർ പഞ്ചായത്ത്  കുടുംബാരോഗ്യകേന്ദ്രം ഇന്ന് (സെപ്റ്റംബർ 23 ന്) ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിക്കും. രാവിലെ ഒമ്പത് മണിക്ക് പഞ്ചായത്ത് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. യു പ്രതിഭ എംഎൽഎ അധ്യക്ഷയാകും. ഒരു കോടി രൂപ ചെലവിൽ ഭൗതിക സാഹചര്യങ്ങൾ ഉയർത്തിക്കൊണ്ടാണ് പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി മാറുന്നത്. ദിവസവും വൈകുന്നേരം ആറ് മണിവരെയാണ് പ്രവർത്തനം. 2800 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഇസിജി, ലാബ്, ഫാർമസി എന്നീ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. 'അരികിലും അതിവേഗത്തിലും' എന്ന ആശയത്തിലൂടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നവീകരിച്ച ആറ് ആരോഗ്യ ഉപകേന്ദ്രങ്ങളിലും മെച്ചപ്പെട്ട സേവനങ്ങൾ പഞ്ചായത്ത്‌ ലഭ്യമാക്കും. 

ചടങ്ങിൽ കെ സി വേണുഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷാകുമാരി, ജില്ല മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date