Skip to main content

ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരം; സംഘാടക സമിതി രൂപീകരിച്ചു

ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി മത്സരം കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയില്‍ ഒക്ടോബര്‍ രണ്ടിന് നടക്കും. പരിപാടിയുടെ വിജയത്തിന് സംഘാടകസമിതി രൂപീകരിച്ചു. യോഗം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആദ്യമായി കാസര്‍കോട് ജില്ലയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ വന്‍ വിജയമാക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് എം.എല്‍.എ പറഞ്ഞു. വടക്കന്‍ കേരളത്തില്‍ ചാലിയാര്‍ പുഴയിലും ധര്‍മ്മടത്തും ചെറുവത്തൂരിലും മാത്രമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. കോട്ടപ്പുറം അച്ചാംതുരുത്തി പാലത്തിനു സമീപം നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു.

കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2025 ആദ്യമായി കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ അച്ചാംതുരുത്തി -കോട്ടപ്പുറം പാലത്തിന് സമീപത്ത്   ഒക്ടോബര്‍ രണ്ടിന് നടക്കും. അരനൂറ്റാണ്ടിലധികം കാലത്തെ ചരിത്രമുള്ള മലബാറിലെ ആദ്യത്തെ വള്ളംകളി എന്ന പ്രത്യേകതയുമുള്ള ഉത്തരമലബാര്‍ ജലോത്സവത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്തിയതോടെ വള്ളംകളി നല്‍കുന്ന ആവേശത്തിനപ്പുറം അനന്തമായ ടൂറിസം സാധ്യത കൂടി തുറക്കപ്പെട്ടിരിക്കുകയാണ്. 1970 മുതല്‍ നടന്നുവരുന്ന വള്ളംകളി ആദ്യകാലത്ത് തിരുവോണനാളിലായിരുന്നു. പിന്നീട് അത് ഗാന്ധിജയന്തി ദിവസത്തിലേക്ക് മാറ്റുകയുമാണുണ്ടായത്. മത്സ്യത്തൊഴിലാളികളുടെ തോണിയില്‍ പുരുഷന്മാര്‍ മാത്രം പങ്കെടുത്ത് നടത്തിയിരുന്ന വള്ളംകളിയില്‍ നിന്ന് ചുരുളന്‍ വള്ളങ്ങളിലേക്കും 15, 25 പേരുടങ്ങുന്ന ടീമുകളിലേക്കും, പുരുഷന്മാരോടൊപ്പം വനിതകളും പങ്കെടുക്കുന്ന ആവേശപൂര്‍വ്വമായ വള്ളംകളിയുടെ പരിണാമഘട്ടത്തിലെ നിര്‍ണായകമായ ചുവടുവെപ്പാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉള്‍പ്പെടുത്താനുള്ള ടൂറിസം വകുപ്പിന്റെയും സര്‍ക്കാറിന്റെയും തീരുമാനം. പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്ന ഉത്തരമലബാറിലെയും വിശേഷിച്ച് കാസര്‍കോട് ജില്ലയിലെയും ടൂറിസം മേഖലയ്ക്ക് ഗതിവേഗം പകരുന്ന തീരുമാനം കൂടിയാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്ന് എം.എല്‍.എ പറഞ്ഞു.

date