തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കും
കൊടിതോരണങ്ങള്‍ സ്ഥാപിക്കല്‍
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈക്കോടതി ഉത്തരവ് പാലിച്ച് പ്രചാരണ ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കാന്‍ ജില്ലാതല നിരീക്ഷണ സമിതി യോഗത്തില്‍ തീരുമാനം. പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഇവ നീക്കം ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിക്കുക.
കാഴ്ച മറച്ച് സ്ഥാപിക്കുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യുന്നതിനും സ്ഥാപിച്ചവരില്‍ നിന്ന് പിഴ ഈടാക്കുന്നത് കര്‍ശനമാക്കുന്നതിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിരീക്ഷണസമിതി യോഗം തീരുമാനിച്ചു.
ജില്ലയില്‍ ഇതുവരെ വിവിധ തദ്ദേശസ്ഥാപന പരിധിയില്‍ അനധികൃതമായി സ്ഥാപിച്ച 176 ബോര്‍ഡുകള്‍, 88 ബാനറുകള്‍, 73 കൊടികള്‍, 22 ഹോര്‍ഡിങ്ങുകള്‍ എന്നിവ നീക്കം ചെയ്തു. പിഴ ഇനത്തില്‍ 2,07,000 രൂപ ഈടാക്കി. 71 ഗ്രാമപഞ്ചായത്തുകളിലായി 98 ബോര്‍ഡുകള്‍, 76 ബാനറുകള്‍ 72 കൊടികള്‍, 10 ഹോര്‍ഡിങ്ങുകള്‍ എന്നിവ നീക്കം ചെയ്തിട്ടുണ്ട്. പിഴയായി 20,000 രൂപ ഈടാക്കി. ഒന്‍പത് മുന്‍സിപ്പാലിറ്റികളിലായി 51 ബോര്‍ഡുകള്‍, 10 ബാനറുകള്‍, 12 ഹോര്‍ഡിങ്ങുകള്‍ എന്നിവ നീക്കം ചെയ്തു. 1,45,500 രൂപ പിഴയായി ഈടാക്കി. കണ്ണൂര്‍ കോര്‍പറേഷന്‍ 27 ബോര്‍ഡുകള്‍, രണ്ടു ബാനറുകള്‍, ഒരു കൊടി എന്നിവ നീക്കം ചെയ്തു. പിഴയായി 40,000 രൂപ ഈടാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ.അരുണ്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments