ബാലാവകാശ കമ്മീഷൻ ഉത്തരവുകൾ തെറ്റിദ്ധരിക്കപ്പെടുന്നു: ചെയർമാൻ
സ്‌കൂളുകളിലെ പരിശോധന
സ്കൂളുകളിലെ പരിശോധനയുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ പുറപ്പെടുവിപ്പിക്കുന്ന
പല ഉത്തരവുകളും വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്ന്
കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ. ധർമ്മടം മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളിൽ കുട്ടികളുടെ മൊബൈൽ ഉപയോഗവും, വിദ്യാർത്ഥികളുടെ ബാഗ് പരിശോധന നടത്തുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും സംബന്ധിച്ച ഉത്തരവുകളാണ് വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നത്. ഉത്തരവുകൾ കൃത്യമായി മനസ്സിലാക്കി അധ്യാപകർ പാലിക്കേണ്ടതുണ്ട്.
പല സ്കൂളുകളിലും മൊബൈൽ ഫോൺ കണ്ടെടുത്താൽ അത് വിൽപ്പന നടത്തി പിടിഎ ഫണ്ടിലേക്ക് സ്വരുക്കൂട്ടുന്ന സ്ഥിതിയുണ്ട്. ഇത് തെറ്റായ പ്രവണതയാണ്. വിദ്യാർത്ഥികളിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്താൽ രക്ഷിതാക്കളെ അറിയിച്ച് അത് തിരിച്ചു നൽകേണ്ട ഉത്തരവാദിത്തം അധ്യാപകർക്കുണ്ട്. ബാഗ് പരിശോധിക്കുമ്പോൾ വിദ്യാർത്ഥികളുടെ അവകാശങ്ങൾ ലംഘിക്കാത്ത വിധത്തിൽ പരിശോധന നടപടി ക്രമങ്ങൾ നടത്താൻ അധ്യാപകർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ധർമ്മടം സംസ്ഥാനത്തെ ആദ്യ ബാലസൗഹൃദ നിയോജക മണ്ഡലം എന്ന
ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ്
രണ്ടുദിവസത്തെ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 1754 അധ്യാപകരാണ് പങ്കെടുക്കുന്നത്.
കുട്ടികളുടെ അവകാശങ്ങൾ, മാനസികാരോഗ്യം, എ ഐ, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദർ ക്ലാസെടുത്തു. ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ നേരിടാൻ കൗമാരക്കാരായ കുട്ടികളെ പ്രാപ്തരാക്കാനും സാമൂഹ്യ-മാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ അവബോധം വളർത്തുന്നതിനും പരിശീലനത്തിലൂടെ സാധിക്കും.
പിണറായി എ.കെ.ജി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനത്തിൽ പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ അധ്യക്ഷനായി. പാലയാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.വി പ്രസാദ് പങ്കെടുത്തു.
- Log in to post comments