Skip to main content

സമസ്ത മേഖലകളെയും സർക്കാർ പുരോഗതിയിലേക്ക് നയിക്കുന്നു: ഡോ.വി ശിവദാസൻ എം.പി

സമൂഹത്തിന്റെ സമഗ്രവും സമസ്തവുമായ പുരോഗതിലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് സർക്കാർ  സംസ്ഥാനത്താകെ നടപ്പാക്കുന്നതെന്ന് ഡോ.വി ശിവദാസൻ എം.പി. പറഞ്ഞു. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് വികസനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്‌ബി വഴി സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ, പാലങ്ങൾ എന്നിങ്ങനെ കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിയതെന്നും എം.പി പറഞ്ഞു

വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട്ട്  കില ബ്ലോക്ക്തല കോ ഓർഡിനേറ്റർ പി.വി രത്നാകരൻ അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ  അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി..വി സുനീഷ് അവതരിപ്പിച്ചു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിക്കുകയും പ്രോഗ്രസ് റിപ്പോർട്ട്  വിതരണം ചെയ്യുകയും ചെയ്തു.  തുടർന്ന് പഞ്ചായത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ആശയങ്ങളും നിർദേശങ്ങളും പൊതു ജനങ്ങൾ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി പ്രസന്ന, ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം മോഹനൻ മാസ്റ്റർ, എം രമേശൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പി സജേഷ്, സി.കെ അനിൽ കുമാർ, ഇ.കെ സരിത,  എന്നിവർ സംസാരിച്ചു.

 

സർവ്വതല സ്പർശിയായ വികസനം

 

നാടിന്റെ വികസനം സർവ്വതല സ്പർശി ആയിരിക്കണമെന്ന കാഴ്ചപ്പാടാണ് അഞ്ചരക്കണ്ടി പഞ്ചായത്ത് ഭരണസമിതി അഞ്ചുവർഷവും പുലർത്തിയത്. ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ്   പനയത്താംപറമ്പിൽ സ്ഥാപിച്ച വാട്ടർ എടിഎം. ഒരു രൂപ നാണയം നിക്ഷേപിച്ചാൽ ഒരു ലിറ്റർ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന രീതിയിലാണ് വാട്ടർ എടിഎം നിർമ്മിച്ചിട്ടുള്ളത്. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിന്റെ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  6,87,100 രൂപ ചെലവഴിച്ചാണ് വാട്ടർ എടിഎം സ്ഥാപിച്ചത്. ഇതിനോട് ചേർന്ന് ഒരു കഫ്തീരിയയും രണ്ട് ടോയ്‌ലെറ്റും ഉൾപ്പെടുന്ന 43.70 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടേക്ക് എ ബ്രേക്കും നിർമിച്ചു. പദ്ധതിക്കായി 16,50,000 രൂപ ചെലവഴിച്ചു. നാലു കോടി രൂപ ചെലവഴിച്ച് മുഴപ്പാല, കാവിൻമൂല, പനയത്താം പറമ്പ്  എന്നീ ചെറു പട്ടണങ്ങളുടെ സൗന്ദര്യവൽക്കരണം, 3.5 കോടി രൂപ ചെലവഴിച്ചുള്ള വിവിധ ശുചിത്വ പ്രവർത്തനങ്ങൾ, 3.8 കോടിയുടെ  സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ, ആരോഗ്യ മേഖലയുടെ സമഗ്ര വികസനം, മൃഗസംരക്ഷണ, ക്ഷീര  മേഖലക്കായി 68 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ, കാർഷിക മേഖലയുടെ ഉണർവിന് വിവിധ പദ്ധതികൾ എന്നിങ്ങനെ വികസനത്തിന്റെ സമസ്ത മേഖലകളെയും സ്പർശിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് പഞ്ചായത്ത് അഞ്ചുവർഷംകൊണ്ട് നടപ്പാക്കിയത്.

പഞ്ചായത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചയാണ് ഓപ്പൺ ഫോറത്തിൽ നടന്നത്.  ഇതുവരെ നടപ്പാക്കിയ പ്രവർത്തനങ്ങൾ മികച്ചവയായിരുന്നുവെന്ന അഭിപ്രായത്തിനൊപ്പം പഞ്ചായത്തിന്റെ ഭാവി വികസനത്തെകുറിച്ചുള്ള കാഴ്ചപ്പാടുകളും ജനങ്ങൾ അവതരിപ്പിച്ചു. പഞ്ചായത്തിലെ ഓരോ വാർഡിലും ഓരോ വയോജന വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുക, പഞ്ചായത്ത് ഓഫീസിന് നല്ല കെട്ടിടം സ്ഥാപിക്കുക, തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് നടപടി എടുക്കുക, പഞ്ചായത്തിന് സ്വന്തമായി ഓഡിറ്റോറിയം, കളിക്കളം എന്നിവ നിർമ്മിക്കുക, പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി കർശനമാക്കുക, പഞ്ചായത്ത് പരിധിയിലെ കുളങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികളെ നീന്തൽ പഠിപ്പിക്കുക, നെൽവയൽ സംരക്ഷണത്തിന് കൂടുതൽ തുക ചെലവഴിക്കുക എന്നിവയായിരുന്നു ചർച്ചയിൽ പങ്കെടുത്തവർ  മുന്നോട്ടുവെച്ച ആശയങ്ങൾ.

date