ഭാവിയുടെ വികസന കാഴ്ചപ്പാടുകളാണ് വികസന സദസുകൾ - എം വിജിൻ എം എൽ എ
ചെറുതാഴം ഗ്രാമപഞ്ചായത്ത് വികസന സദസ്
തദ്ദേശ സ്ഥാപനങ്ങളുടെ ഭാവി വികസന കാഴ്ചപ്പാടുകളാണ് വികസന സദസുകളെന്ന് എം വിജിൻ എം എൽ എ പറഞ്ഞു. ചെറുതാഴം ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല് വർഷംകൊണ്ട് 52 കോടിയുടെ വികസന നേട്ടമാണ് ചെറുതാഴം ഗ്രാമ പഞ്ചായത്ത് കൈവരിച്ചത്. പിലാത്തറ ടൗൺ സൗന്ദര്യവൽകരണം, പഴയങ്ങാടി അണ്ടർ പാസ്സേജ്, പുതിയ പഴയങ്ങാടി പാലം എന്നിവ ഉടൻ നടപ്പിലാകുമെന്നും എം എൽ എ പറഞ്ഞു.
ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ അധ്യക്ഷനായി. സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ പി.കെ ചന്ദ്രശേഖരൻ സംസ്ഥാന വികസന റിപ്പോർട്ട് അവതരണം നടത്തി. ചെറുതാഴം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ രാഗേഷ് പഞ്ചായത്ത് വികസന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വികസന രേഖ പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി രോഹിണി, ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു, സ്ഥിരംസമിതി അംഗം എ.വി രവീന്ദ്രൻ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം കെ.എം ശോഭ, ചെറുതാഴം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ടി.വി ഉണ്ണികൃഷ്ണൻ, പി.പി അംബുജാക്ഷൻ, സ്ഥിരം സമിതി അംഗം എം.ടി സബിത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.വി സുമേഷ് എന്നിവർ സംസാരിച്ചു.
കാർഷിക മേഖലയും അടിസ്ഥാന സൗകര്യങ്ങളും ഉയർത്തി ചെറുതാഴം
കാർഷിക മേഖലയുടെ അഭിവൃദ്ധിയ്ക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ഗ്രാമ പഞ്ചായത്താണ് ചെറുതാഴം. കേരളത്തിലെ രണ്ടാമത്തെ സ്മാർട്ട് കൃഷിഭവൻ, സർക്കാർ പദ്ധതികൾ മികച്ച നിലയിൽ നടപ്പാക്കിയ ജില്ലയിലെ ഒന്നാമത്തെ കൃഷിഭവൻ എന്നീ വിശേഷണങ്ങൾ ചെറുതാഴം സ്മാർട്ട് കൃഷിഭവന് സ്വന്തമാണ്. കേരഗ്രാമം, ഞങ്ങളും കൃഷിയിലേക്ക്, ഹരിതം ചെറുതാഴം, മഞ്ഞൾ, വാഴ ഗ്രാമം എന്നിങ്ങനെ വ്യത്യസ്ത പദ്ധതികളാണ് കാർഷിക മേഖലയിൽ പഞ്ചായത്ത് നടപ്പിലാക്കുന്നത്. നെൽകൃഷി ഹെക്ടറിൽ ഏഴ് ടൺ വരെ ഉൽപാദനം നേട്ടം കൈവരിച്ചിട്ടുണ്ട്. ഹരിത കേരളം മിഷൻ ഏർപ്പെടുത്തിയ മികച്ച പച്ചത്തുരുത്തുകൾക്കുള്ള അംഗീകാരം ജില്ലയിലും സംസ്ഥാനത്തുമായി ചെറുതാഴത്തെ പച്ചതുരുത്തുകൾക്ക് ലഭിച്ചിട്ടുണ്ട്.
51.38 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് അഞ്ച് വർഷങ്ങളിലായി പഞ്ചായത്തിൽ നടപ്പാക്കിയിട്ടുള്ളത്. അതി ദാരിദ്ര്യമുക്ത പഞ്ചായത്ത്, വെളിയിട വിസർജ്യ മുക്ത പഞ്ചായത്ത്, കാർബൺ ന്യൂട്രൽ പഞ്ചായത്ത് തുടങ്ങിയ നേട്ടങ്ങൾ പഞ്ചായത്ത് കൈവരിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 27 റോഡുകൾ പൂർത്തീകരിച്ചു. പുതുതായി 340 സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. 400 ലധികം ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
70 അതിദരിദ്രരുടെ ക്ലേശങ്ങൾ പരിഹരിച്ച് അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ ഒരു വീടിന് നാല് ലക്ഷം തോതിൽ 161 വീടുകൾ അനുവദിച്ചു. 30 ഭൂരഹിത ഭവനരഹിതർക്ക് വീട് നിർമ്മിച്ചു. അഞ്ചു കോടി 78 ലക്ഷം രൂപ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനം നിർമ്മിച്ചു.
കുടുംബശ്രീക്ക് ജില്ലയിൽ ആദ്യമായി ഐ എസ് ഒ അംഗീകാരം ലഭിച്ച പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ചു. വിവിധ വായ്പ പദ്ധതികളിലൂടെ കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നൽകി കുടുംബശ്രീ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചു. 11 ഇടങ്ങളിൽ ചെറുതാഴം കഫേ സ്ഥാപിച്ച് വനിതകൾക്ക് മികച്ച വരുമാനം ഉറപ്പാക്കി. എല്ലാ വാർഡുകളിലും ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ, എഫ് എച്ച് എസി യുടെ നേതൃത്വത്തിൽ പ്രതിമാസ ക്ലിനിക്കുകൾ, പാലിയേറ്റിവ് കെയർ, കിടപ്പ് രോഗികൾക്ക് പ്രതിമാസ പരിശോധനയും പരിചരണവും, രണ്ടിടങ്ങളിൽ സബ് സെന്ററിനായി പുതിയ കെട്ടിടം എന്നിവ നടപ്പിലാക്കി.
പഞ്ചായത്തിലെ എല്ലാ വീടുകളിലും ജൈവ മാലിന്യ സംസ്കരണ യൂണിറ്റ്, അജൈവ മാലിന്യ ശേഖരണം, വയോജനങ്ങൾക്കായി സഹായ ഉപകരണങ്ങൾ വിതരണം, ഹാപ്പിനസ് പാർക്ക്, പകൽവീട്, വയോജന ക്ലബ്ബ് എന്നിവ നടപ്പിലാക്കി. വനിതാ വികസനം, വ്യവസായം, മത്സ്യ മേഖല, പട്ടികജാതി ക്ഷേമം, മൃഗ സംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം, ക്ഷേമ പെൻഷനുകൾ എന്നിങ്ങനെ നിരവധി മേഖലയിൽ മികച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടപ്പാക്കിയത്.
വികസന നിർദേശങ്ങളുമായി ഓപ്പൺ ഫോറം
ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസനം മുൻ നിർത്തി പൊതു ജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും മുന്നോട്ടുവന്നു.
വയലിലേക്ക് ടാറിംഗ് ഇല്ലാത്ത ട്രാക്ടർ റോഡ് നിർമ്മിക്കണമെന്നും നെൽ കൃഷിക്ക് ആവശ്യമായ ജലം സംഭരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും പാട ശേഖരം സെക്രട്ടറി കക്കയം ദാമോദരൻ നിർദേശിച്ചു. തരിശു ഭൂമി കൃഷിയോഗ്യമാക്കാൻ കർഷക കൂട്ടായ്മ സംഘടിപ്പിക്കണമെന്നും പഞ്ചായത്തിലെ പ്രവർത്തന രഹിതമായ വാതക ശ്മശാനം പുന:പ്രവർത്തിപ്പിക്കണമെന്നും ടൂറിസം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും കെ സി രാമചന്ദ്രൻ പറഞ്ഞു. പഞ്ചായത്തിലെ ചെറുകിട പരമ്പരാഗത വ്യവസായത്തിന് മുൻതൂക്കം നൽകണമെന്ന് പി.വി ബാലകൃഷ്ണൻ നിർദ്ദേശം മുന്നോട്ടുവച്ചു. കുരുമുളക് കൃഷി അഭിവൃദ്ധിപ്പെടുത്തി പഞ്ചായത്തിനെ കുരുമുളക് ഗ്രാമമാക്കി മാറ്റണമെന്ന് എൻ ചന്ദ്രൻ നിർദേശിച്ചു.
കാർഷിക മേഖല പരിപോഷിപ്പിക്കുന്നതിന് പഞ്ചായത്തിൽ പ്രവർത്തന രഹിതമായ യന്ത്രങ്ങൾ മാറ്റി സ്ഥാപിക്കുക, കൂടുതൽ കാർഷിക യന്ത്രങ്ങൾ ഏർപ്പെടുത്തുക, കൈത്തറി വ്യവസായം പ്രോത്സാഹിപ്പിക്കുക, വയോജന വിശ്രമ കേന്ദ്രങ്ങൾ വർദ്ധിപ്പിക്കുക, അങ്കണവാടി ഹെൽപ്പർമാരുടെ ഓണറേറിയം കൂട്ടുക, കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കായി വേദി ഒരുക്കുക, പഞ്ചായത്ത് വികസന പ്രവർത്തനങ്ങളുടെ ലഘുരേഖ എല്ലാ വീടുകളിലേക്കും ലഭ്യമാക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. ചർച്ചയിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും എല്ലാ വായനശാലകളിലും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി പെട്ടി സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
- Log in to post comments