കളിക്കളം മീഡിയ സെന്റർ: ചോരാത്ത ആവേശവുമായി കളിക്കളത്തിലുണ്ട് കെ.വി ധനേഷ്
എട്ടാമത് കളിക്കളം കായികമേളയിലും സജീവ സാന്നിധ്യമായി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ.വി ധനേഷ്. നിലവിൽ കരിന്തളം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ ടെക്നിക്കൽ ഡയറക്ടറായി പ്രവർത്തിക്കുകയാണ് അദ്ദേഹം.
1995 മുതൽ 2003 വരെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാഗമായിരുന്നു. 2000, 2003 വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്. 1997 നാഷണൽ ഗെയിംസിൽ കേരളത്തിനായി സ്വർണം നേടിയ ടീമിലും സന്തോഷ് ട്രോഫിയിൽ കേരള, പഞ്ചാബ്, കർണാടക ടീമുകളെ പ്രതിനിധീകരിച്ചും പങ്കെടുത്തിട്ടുണ്ട്.
ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ ആരംഭിച്ചിട്ട് മൂന്ന് വർഷമായി. ജൂനിയർ വിഭാഗത്തിലുള്ള കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ഓരോ ജില്ലയിലും നേരിട്ട് പോയാണ് സ്കൂളിന് വേണ്ടി കുട്ടികളെ തിരഞ്ഞെടുക്കുന്നത്.
കളിക്കളം കായികമേളയിൽ രണ്ടാം വട്ടമാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ സ്കൂളിന് 12 സ്വർണം ലഭിച്ചിരുന്നു. ഇത്തവണയും കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നതായും കെ.വി ധനേഷ് പറഞ്ഞു.
സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ എസ്.ടി വിഭാഗത്തിന്റെ ഉന്നമനത്തിനായി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. കളിക്കളം കായികമേള സംഘാടക മികവുകൊണ്ട് ദേശീയ തലത്തിലെ കായിക മേളകളുമായി കിടപിടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments