Skip to main content

കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ഇന്ന്; മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

കോട്ടയം: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രം ഒക്ടോബർ 23 ന്(വ്യാഴാഴ്ച) രാവിലെ 10.30ന്   ആരോഗ്യ- വനിതശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്  ഉദ്ഘാടനം ചെയ്യും. കുടുംബാരോഗ്യ കേന്ദ്ര അങ്കണത്തിൽ നടക്കുന്ന  ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും.

ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാന സർക്കാരും നാഷണൽ ഹെൽത്ത് മിഷനും അനുവദിച്ച 1.50 കോടി രൂപയും കാഞ്ഞിരപ്പള്ളി  ഗ്രാമപഞ്ചായത്തിൻ്റെ വികസന ഫണ്ടിൽ നിന്നുമുള്ള 15 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഇരുനില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നത്.

പ്രാഥമിക ആരോഗ്യ കേന്ദ്രം ജനകീയ കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ ജനകീയമായി മാറും. ലാബ് ഉൾപ്പെടുന്ന എല്ലാവിധ സൗകര്യവും ഇതിനോടനുബന്ധിച്ച് ഏർപ്പെടുത്തുന്നുണ്ട്. ഭാവിയിൽ ഒന്നിലധികം ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കുന്നതിന് കഴിയും. മികച്ച ഫാർമസി സൗകര്യവും ഇ-ഹെൽത്ത് സംവിധാനവും നടപ്പാക്കുന്നതോടെ പൊതു ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കഴിയുമെന്നു ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നു. ഇതോടൊപ്പം കാളകെട്ടി മെയിൻ സബ് സെന്റർ കെട്ടിട നിർമാണത്തിനായി 55 ലക്ഷം രൂപ കൂടി ഹെൽത്ത് ഗ്രാന്റിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.

date