ഹരിതകേരളം മിഷൻ: രണ്ടാം വാർഷികം നാളെ (ഡിസംബർ എട്ട്)
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനകീയ പുഴ സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചുകൊണ്ട് ഹരിതകേരളം മിഷൻ നാളെ (2018 ഡിസംബർ 8) രണ്ടാം വാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. കാർഷിക സമൃദ്ധിക്ക് അവിഭാജ്യ ഘടകമായ ജലസമൃദ്ധി ലക്ഷ്യമിട്ട് 'എല്ലാവരും ജലാശയങ്ങളിലേക്ക്' എന്ന സന്ദേശവുമായാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പുഴ ശുചീകരണ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളിൽ മന്ത്രിമാർ, എം.പിമാർ, എം.എൽ.എ മാർ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക നായകർ തുടങ്ങിയവർ ഉൾപ്പെടെ വൻ ജനാവലി പുഴ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.
വാമനപുരം നദിയിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡോ. എ. സമ്പത്ത് എം.പിയും ഡി.കെ മുരളി എം.എൽ.എ യും കാട്ടാക്കട വിളപ്പിൽ ശാലയിൽ ഐ.ബി സതീഷ് എം.എൽ.എ യും പുഴ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഓരോയിടത്തും നിശ്ചിത പ്രദേശങ്ങളിൽ നിശ്ചിത ദൂരത്താണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ പുഴകളിലും ജലാശയങ്ങളിലും ഡിസംബർ എട്ടിനും തുടർന്നുള്ള ദിവസങ്ങളിലുമായാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഹരിതകേരളം എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ അറിയിച്ചു.
- Log in to post comments