Skip to main content

അഞ്ച് വർഷത്തെ വികസന ക്ഷേമത്തിന്റെ നേർക്കാഴ്ചയുമായി കടമക്കുടി പഞ്ചായത്തിൽ വികസന സദസ്സ്*

അഞ്ച് വർഷത്തെ പഞ്ചായത്തിലെ വികസന നേട്ടങ്ങളും ഭാവി പദ്ധതികളും ജനങ്ങളുമായി നേരിട്ട് പങ്കുവെച്ച് കടമക്കുടി പഞ്ചായത്ത് വികസന സദസ്സ്. പിഴല ബാങ്ക് ഹാളിൽ

 ചേർന്ന സദസ്സ് കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികസനരേഖയുടെ പ്രകാശനവും എംഎൽഎ നിർവഹിച്ചു. 

 

പഞ്ചായത്തിൽ കഴിഞ്ഞ നാലര വർഷത്തിനിടെ വികസന പ്രവർത്തനങ്ങൾക്കായി 212.45 കോടി രൂപ വിനിയോഗിച്ചുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ പറഞ്ഞു. ആസ്തി വികസന ഫണ്ടിൽ 4.52 കോടി, പ്രത്യേക വികസന പദ്ധതിയിൽ 1,00,27,941 രൂപയും ചിലവഴിച്ചു.

 

ഹാർബർ എഞ്ചിനീയറിംഗ് വകപ്പ് 1.74 കോടി, കിഫ്ബി 44.87 കോടി, ജിഡ 206.95 കോടി, തദ്ദേശ സ്വയംഭരണ റോഡ് പുനരുദ്ധാരണ പദ്ധതി 45.5 ലക്ഷം, നവകേരള സദസ് 4.71 കോടി, ബജറ്റ് പ്രൊപ്പോസൽ 33.82 ലക്ഷം എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തിൽ വിനിയോഗിച്ച തുക നിരക്ക്. ഒറ്റക്കെട്ടായി നിന്നാൽ ഇനിയും ഫണ്ട് ഉപയോഗം വർധിപ്പിക്കാനാകുമെന്ന് എംഎൽഎ പറഞ്ഞു. 

 

പ്രകൃതി രമണീയത കൊണ്ടും പൊക്കാളി/മത്സ്യ കൃഷിയുടെ സവിശേഷതകൾ മൂലവും കേരളീയ സമൂഹത്തിൽ തനതായ സ്ഥാനം നേടിയിട്ടുള്ള കടമക്കുടി പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം നടപ്പിലാക്കിയ വികസന പദ്ധതികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും തുടർ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള സദസ്സിൽ ചർച്ച ചെയ്തു. 

 

ലൈഫ് ഭവന പദ്ധതിയിൽ ഉൾപെടുത്തി 137 വീടുകൾക്ക് കരാർ ഏർപ്പെടുകയും 100 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. കാർഷിക മേഖലയിൽ സമഗ്ര പുരയിട കൃഷി വികസനം, മില്ലറ്റ് ഗ്രാമം പദ്ധതി, പൊക്കാളി പ്രോത്സാഹനത്തിന് വിവിധ പ്രവർത്തനങ്ങൾ തുടങ്ങി കാർഷിക മേഖലയിൽ നിരവധി പദ്ധതികൾ കഴിഞ്ഞ കാലയളവിൽ നടപ്പിലാക്കി. 

 

ദ്വീപ് നിവാസികൾക്ക് ഫ്ലോട്ടിങ് ഡിസ്പെൻസറി, പാലിയേറ്റീവ് ആംബുലൻസ്, മരുന്നുകൾ ലഭ്യമാക്കി തുടങ്ങിയ നിരവധി പദ്ധതികൾ ആരോഗ്യമേഖലയിൽ നടപ്പിലാക്കി. മാലിന്യ പരിപാലന മേഖലയിൽ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തുന്നതിന് വിവിധ വാർഡുകളിലായി പതിനഞ്ചോളം സർവൈലൻസ് ക്യാമറകൾ സ്ഥാപിച്ചു. ബോട്ടിൽ ബൂത്തുകൾ, എംസിഎഫ്, ബയോ ബിൻ വിതരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.

 

മൃഗസംരക്ഷണം, ക്ഷീരോൽപാദനം, മത്സ്യബന്ധനം, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം, ഭിന്നശേഷി വയോജന പദ്ധതികൾ, തൊഴിലുറപ്പ്, പട്ടികജാതി പട്ടികവർഗ്ഗ വികസനം തുടങ്ങി എല്ലാ മേഖലകളിലും കഴിഞ്ഞ അഞ്ചു വർഷക്കാലത്തിൽ പഞ്ചായത്തിൽ നടപ്പിലാക്കിയ വിവിധ ക്ഷേമവികസന പദ്ധതികൾ സദസ്സിൽ ചർച്ച ചെയ്തു.

 

വികസന വീഡിയോയുടെ പ്രദര്‍ശനം, ഗ്രാമപഞ്ചായത്തിന്റെ ഭരണ നേട്ടങ്ങളുടെ പ്രദര്‍ശനം എന്നിവ സദസ്സിന്റെ ഭാഗമായി നടത്തി. മികവുറ്റ നിലയിൽ പ്രവർത്തിച്ച സിഡിഎസ് അംഗങ്ങൾ, ഹരിത കർമസേനാംഗങ്ങൾ, ആശാവർക്കർമാർ എന്നിവരെ സദസിൽ ആദരിച്ചു.

 

 ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസെൻ്റ് അധ്യക്ഷയായി. റിസോഴ്സ് പേഴ്സൺ മോഹനൻ പഞ്ചായത്തിൻ്റെ നേട്ടങ്ങൾ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷംന എം കെ തദ്ദേശസ്ഥാപനത്തിൻ്റെ നേട്ടങ്ങൾ വിശദമാക്കി.

 

വൈസ് പ്രസിഡൻ്റ് കെ പി വിപിൻരാജ്, സ്ഥിരം സമിതി അധ്യക്ഷരായ ബഞ്ചമിൻ വി എ, സജിനി ജ്യോതിഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മനു ശങ്കർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ ജോസ്, ജിയ സന്തോഷ്, ദിലീപ് കോമളൻ, അസിസ്റ്റൻ്റ് സെക്രട്ടറി സുബിത നായർ സി എന്നിവർ സംസാരിച്ചു.

 

 

date