Skip to main content

അനങ്ങനടി സ്റ്റേറ്റ് സീഡ് ഫാം ഉദ്ഘാടനം ഇന്ന് ( ഒക്ടോബർ 24ന് ) മന്ത്രി പി പ്രസാദ് നിർവ്വഹിക്കും

ജില്ലയിലെ കാർഷിക വികസനത്തിന് കുതിപ്പേകാൻ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ നവീകരണം പൂർത്തീകരിച്ച സ്റ്റേറ്റ് സീഡ് ഫാം ഇന്ന് (ഒക്ടോബർ 24 ന് ) രാവിലെ 9 മണിക്ക് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ. ബിനു മോൾ അധ്യക്ഷയാകും. പി മമ്മിക്കുട്ടി എം എൽ എ വിശിഷ്ടാതിഥിയാകും. ചടങ്ങിൽ ജനപ്രതിനിധികളും കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കാർഷിക വിദഗ്‌ധരും പങ്കെടുക്കും.

അനങ്ങനടി പത്താംകുളത്ത് കെ.എൽ.ഡി.സി മുഖാന്തിരം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 3.30 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. പുതുതലമുറയെ കൃഷിയിലേക്കാകർഷിക്കുവാൻ കഴിയും വിധത്തിൽ ഫാം ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികളാണ് സീഡ് ഫാമിൽ വിഭാവനം ചെയ്തിട്ടുള്ളത്.

കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകളും നടീൽ വസ്‌തുക്കളും ഉത്പാദിപ്പിച്ചു വിതരണം ചെയ്യുക, ആധുനികവും സമഗ്രവും സംയോജി തവുമായ കൃഷി രീതികളെ സംബന്ധിച്ച് പരിശീലനം നൽക്കുകയാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്.ഫാമുകളിലെ ഉൽപാദനം വർദ്ധിപ്പിക്കാനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി ജില്ലാ പഞ്ചായത്ത് ബ്രാൻറുകൾ പൊതു വിപണിയിൽ എത്തിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ വിദ്യാർത്ഥികൾക്കും കർഷകർക്കും പഠന കേന്ദ്രം എന്ന നിലയിലും വിനോദ സഞ്ചാരികൾക്ക് കാഴ്ചാ കേന്ദ്രമായും ഫാമുകളെ മാറ്റുക എന്ന
ലക്ഷ്യത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.തലക്കുളം, നവീകരിച്ച ഓഫീസ് കെട്ടിടങ്ങൾ, ക്വാട്ടേഴ്സുകൾ, ഫാം റോഡുകൾ, പോളി ഹൗസുകൾ, ചുറ്റുമതിലും പ്രവേശന കവാടവും തുടങ്ങിയ സൗകര്യങ്ങളോടെയാണ് നവീകരണം പൂർത്തീകരിച്ചത്.  

ഉദ്ഘാടനത്തോടനുബന്ധിച്ച് 24, 25 തീയതികളിലായി സെമിനാറുകൾ, ക്ലാസ്സുകൾ, കാർഷിക പ്രദർശനം, വിപണനം കുടുംബശ്രീ വിപണനമേള, ഗാനസന്ധ്യ, നൃത്തങ്ങൾ, നാടകം ഉൾപ്പെടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

date