Skip to main content

സംസ്ഥാനത്തിന്റെ വികസന, ക്ഷേമ മേഖലയിലുണ്ടായത് വലിയ മുന്നേറ്റം: എച്ച് സലാം എംഎൽഎ

*ആലപ്പുഴ നഗരസഭ വികസന സദസ്സ് സംഘടിപ്പിച്ചു

സംസ്ഥാനത്തിന്റെ വികസന, ക്ഷേമ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞതായി എച്ച് സലാം എംഎൽഎ പറഞ്ഞു. ആലപ്പുഴ നഗരസഭ വികസന സദസ്സ് ഉദ്ഘാടനം നഗരസഭ ശതാബ്‌ദി മന്ദിരത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വികസനക്കുതിപ്പ് തുടരുന്നതിനും അതിനെ  ജനകീയ സ്വഭാവത്തിലുള്ള കാഴ്ചപ്പാടാക്കി രൂപപ്പെടുത്തുന്നതിനുമാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

നഗരസഭയിലെ 167 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യം ഇല്ലാതാക്കിയതായും ഡിജി കേരളം വഴി കണ്ടെത്തിയ 11583 പഠിതാക്കളുടെയും പരിശീലനം പൂർത്തീകരിച്ചതായും സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പാലിയേറ്റീവ് കെയർ രംഗത്ത് 700 ഓളം രോഗികൾക്ക്‌ ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 

നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടമായ ശതാബ്ദി മന്ദിരം, നെഹ്റുട്രോഫി വാർഡിൽ ഇരുമ്പ് നടപ്പാലം, വലിയ ചുടുകാട്, ചാത്തനാട് ഗ്യാസ് ക്രിമറ്റോറിയം, ചുടുകാട്, ബീച്ചിലെ കാറ്റാടി പാർക്ക് എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചു. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി എംസിഎഫുകൾ, 37 എയ്റോബിക് യൂണിറ്റുകൾ, 30 മിനി എംസിഎഫുകൾ തുടങ്ങിയവ സ്ഥാപിച്ചതായും പ്രതിദിനം മലിന്യത്തിൽ നിന്നും 1.5 ടൺ വളം നിർമ്മിക്കുന്നതായും പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ നഗരസഭ അധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി. റിസോഴ്സ് പേഴ്സൺ സി എം ബൈജു സംസ്ഥാന സർക്കാരിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളും നഗരസഭ സെക്രട്ടറി ഷിബു എൽ നാൽപ്പാട്ട് നഗരസഭയുടെ നേട്ടങ്ങളും അവതരിപ്പിച്ചു. നഗരസഭ ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷരായ എം ആർ പ്രേം, എം ജി സതീദേവി, എ എസ് കവിത, ആർ വിനിത, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആർ നാസർ, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ബിൻസ് സി തോമസ്, ഡെപ്യൂട്ടി സെക്രട്ടറി ജെ ബി ജയശ്രീ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കർഷകർ, വിദ്യാർഥികൾ, വിവിധ മേഖലയിലെ പ്രതിഭകൾ, ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ, ഹരിതകർമ്മസേനാഗംങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടന സമ്മേളനം, സർക്കാരിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ അവതരണം, പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം എന്നിവ സദസ്സിൻ്റെ ഭാഗമായി നടന്നു. 335 ഓളം പേർ പങ്കെടുത്തു. സദസ്സിന്റെ ഭാഗമായി 25 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ വിജ്ഞാന കേരളം തൊഴിൽമേള നടക്കും.

date