Skip to main content

ഓട്ടോ മൊബൈൽ രംഗത്ത് വനിതാ വിപ്ലവം സാധ്യമാക്കും: മന്ത്രി ആർ ബിന്ദു നാരിചക്ര - പെൺകരുത്ത് - വനിതാ തൊഴിലധിഷ്‌ഠിത നൈപുണ്യ പദ്ധതിക്ക് തുടക്കമായി

സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെയും തൻ്റേടത്തോടെയും ഓട്ടോമൊബൈൽ മേഖലയിലേക്ക് കടന്നു ചെല്ലാൻ പ്രാപ്തരാക്കുന്നതിനായി ആരംഭിച്ച നാരിചക്ര–പെൺകരുത്ത് പരിശീലന പദ്ധതി വനിതാ വിപ്ലവത്തിന് വഴി തെളിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ സ്ഥാപനമായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഇറാം ടെക്നോളജീസും സംയുക്തമായി സഹകരിച്ച് വനിതകൾക്കായി വിഭാവനം ചെയ്‌ത തൊഴിലധിഷ്‌ഠിത നൈപുണ്യ പരിശീലന പരിപാടി നാരിചക്ര-പെൺകരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീകളുടെ അറിവും കഴിവും നാല് ചുമാരുകൾക്ക് അപ്പുറത്തേക്ക് പ്രയോജനപ്പെടുത്തുക അതോടൊപ്പം വരുമാനം ലഭിക്കുന്ന തൊഴിലുകളിലൂടെ സ്ത്രീക്ക് സാമ്പത്തിക സ്വയം പര്യാപ്തത ഉറപ്പാക്കുക തുടങ്ങിയ മാറ്റങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുന്നുണ്ട്. അസാപിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ ഈ സ്കിൽ കോഴ്സ് അതിന് ഒരു ഉദാഹരണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അസാപ് കേരള കുന്നംകുളം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വച്ച് നടന്ന പരിപാടിയിൽ എ.സി. മൊയ്‌തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

സ്ത്രീകളുടെ പങ്കാളിത്തം കുറവുള്ള വാഹന വിപണന മേഖലയിൽ അവരുടെ തൊഴിൽ പ്രാതിനിധ്യം വർധിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

രണ്ട് മാസക്കാലം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്, സർവീസ് അഡ്വൈസർ എന്നീ നൈപുണ്യ കോഴ്‌സുകളാണുള്ളത്. 100% പ്ലേസ്മെന്റ്റ് ഉറപ്പുനൽകുന്ന പദ്ധതിയിൽ, കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്ന വനിതകൾക്ക് സംസ്ഥാനത്തെ മഹീന്ദ്ര ഷോറുമുകളിൽ ജോലി ലഭിക്കുന്നതാണ്.

ചടങ്ങിൽ കുന്നംകുളം മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ടൗൺ വാർഡ് കൗൺസിലർ ബിജു സി. ബേബി, ഇറാം ഹോൾഡിങ്സ് ചെയർപേഴ്‌സൺ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. സിദ്ദീഖ് അഹമ്മദ്, ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ പൗലോസ് തേപ്പാല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര റീജിയണൽ സെയിൽസ് മാനേജർ  എം.ആർ നാരായണൻ, അസാപ് കേരള ബിസിനസ് ഹെഡ് ഐ.പി ലൈജു നായർ തുടങ്ങിയവർ പങ്കെടുത്തു.
 

date