ഹോട്ടലുകളിൽനിന്ന് ഇനി ഫ്രീയായി കുടിവെള്ളം കിട്ടും; ടോയ്ലറ്റും ഉപയോഗിക്കാം
ജില്ലയിലെ ഹോട്ടലുകളിൽനിന്ന് ഇനി മുതൽ ഫ്രീയായി കുടിവെള്ളം കിട്ടും. ഹോട്ടലുകളിൽനിന്നു നേരിട്ടും വാട്ടർ ബോട്ടിലിലുമൊക്കെ പൊതുജനങ്ങൾക്കു സൗജന്യമായി കുടിവെള്ളം നൽകാൻ തയാറാണെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ഹോട്ടലുകളിലെ ടോയ്ലറ്റുകൾ പൊതുജനങ്ങൾക്കു സൗജന്യമായി ഉപയോഗിക്കാം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹോട്ടലുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഗ്രീൻ പ്രോട്ടോക്കോൾ നടപടികൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിന്റേതാണു തീരുമാനങ്ങൾ.
പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടിയാണു നഗരത്തിലെത്തുന്നവർക്കു സൗജന്യമായി കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നത്. സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകുകയാണെങ്കിൽ എല്ലാ ഹോട്ടലുകളിൽനിന്നും ശുദ്ധമായ കുടിവെള്ളം നിറച്ചുതരും. ജ്യൂസുകൾ നൽകുമ്പോൾ പ്ലാസ്റ്റിക് സ്ട്രോ ഒഴിവാക്കും. ഐസ്ക്രീമിനും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്പൂണുകളും പരമാവധി ഒഴിവാക്കുമെന്നു ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഹോട്ടൽ ഉടമകൾ അറിയിച്ചു.
ഹോട്ടലുകളിൽനിന്നു ഡിസ്പോസിബിൾ പ്ലേറ്റുകൾ പൂർണമായി ഒഴിവാക്കുന്നതിനുള്ള ഉപാധികളും യോഗം ചർച്ചചെയ്തു. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തും. ഹോട്ടലുകളിൽനിന്നു പാഴ്സലുകൾ നൽകുന്നതിനാണ് ഡിസ്പോസിബിൾ പാത്രങ്ങൾ അധികമായി ഉപയോഗിക്കേണ്ടിവരുന്നത്. ഇതിനു ബദൽ മാർഗങ്ങൾ പരിശോധിക്കും. പാഴ്സൽ വാങ്ങാനെത്തുന്നവർ പാത്രം കൊണ്ടുവരികയാണെങ്കിൽ പാഴ്സൽ ചാർജ് ഒഴിവാക്കിയേ വില ഈടാക്കൂ എന്നും ഹോട്ടൽ ഉടമകൾ യോഗത്തിൽ പറഞ്ഞു.
ജില്ല പൂർണമായും പ്രകൃതി സൗഹൃദ ഭക്ഷണത്തിന്റെയും ഗ്രീൻ ഹോസ്പിറ്റാലിറ്റിയുടേയും കേന്ദ്രമായി മാറണമെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ഡോ. കെ. വാസുകി പറഞ്ഞു. പ്രകൃതി സൗഹൃദമായ ബിസിനസ് രീതി നടപ്പാക്കാൻ ഹോട്ടൽ ഉടമകൾ മുന്നോട്ടുവരണം. ഹോട്ടലുകളിൽനിന്നു സൗജന്യമായി കുടിവെള്ളവും ടോയ്ലറ്റും നൽകാമെന്ന തീരുമാനം ജില്ലയിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കു ലഭിക്കുന്ന ഏറ്റവും വലിയ പിന്തുണയാണ്. ഇത്തരം ഹോട്ടലുകൾക്കു ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷനും ശുചിത്വ മിഷനും ചേർന്നു ഗ്രീൻ ഹോസ്പിറ്റാലിറ്റി സർട്ടിഫിക്കറ്റ് നൽകും. പ്രകൃതി സൗഹൃദ പാർക്കിങും സ്റ്റീൽ പാത്രങ്ങളിൽ പാഴ്സലും പ്രോത്സാഹിപ്പിക്കുന്ന ഹോട്ടലുകളെ ഇക്കോ ഫ്രണ്ട്ലി ഫുഡ് എന്ന ബ്രാൻഡിൽ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നതായും കളക്ടർ പറഞ്ഞു.
ചേഞ്ച് ക്യാൻ ചേഞ്ച് ക്ലൈമറ്റ് ചേഞ്ച്നു കീഴിലുള്ള സ്ഥിതി അംഗങ്ങൾ ഹരിത മാർഗങ്ങളെക്കുറിച്ചു വിഷയാവതരണം നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഹരിത കേരളം മിഷൻ ജല്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഷീബ പ്യാരേലാൽ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ, ബേക്കറി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആർ.പി. 2748/2018)
- Log in to post comments