തൊഴിലുറപ്പ് പദ്ധതി: അതിയന്നൂർ ബ്ലോക്കിൽ തൊഴിൽ ദിനങ്ങൾ മൂന്നു ലക്ഷം കടന്നു
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വർഷം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ സൃഷ്ടിച്ചത് 302513 തൊഴിൽ ദിനങ്ങൾ. വിവിധ പ്രവർത്തനങ്ങൾക്കായി 9,80,63,000 രൂപ ചെലവഴിച്ചു. ഗ്രാമപഞ്ചായത്ത് തലത്തിൽ കോട്ടുകാൽ പഞ്ചായത്താണ് 80970 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു മുന്നിൽ നിൽക്കുന്നത്.
മണ്ണ്, ജല സംരക്ഷണ പ്രവർത്തികൾക്ക് പ്രാധാന്യം നൽകി 190 ഫാം പോണ്ടുകൾ, 18 കിണറുകൾ, 28 വ്യക്തിഗത ടോയ്ലെറ്റുകൾ എന്നിവ നിർമിച്ചു. പഞ്ചായത്ത് അതിർത്തിയിലെ കനാലുകളുടെ പുനരുദ്ധാരണ ജോലികൾ ഉടൻ ആരംഭിക്കും. കൃഷിഭൂമിയോടു ചേർന്ന് കോണ്ടൂർ ബണ്ട്, ട്രഞ്ച്, മഴക്കുഴി, കമ്പോസ്റ്റ് പിറ്റ് എന്നിവ നിർമിച്ചതിലൂടെ കർഷകരുടെ ജലദൗർലഭ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ഉത്പാദന ശേഷി വർദ്ധിപ്പിക്കുവാനും സാധിച്ചു.
ലൈഫ് പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് കെട്ടിടനിർമാണത്തിനാവശ്യമായ സിമന്റ് കട്ടകൾ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമിച്ചു നൽകുന്നുണ്ട്. ഹരിത കേരളാ മിഷന്റെ ഭാഗമായി ജലശ്രീ പദ്ധതി പ്രകാരം അഞ്ചു ഗ്രാമപഞ്ചായത്തുകളിലും ജലസഭകൾ കൂടുകയും കുളങ്ങൾ പുനരുദ്ധാരണം നടത്തി കയർ ഭൂവസ്ത്രം വിരിച്ചു ബണ്ടുകൾ ബലപ്പെടുത്തി. വിവിധ പഞ്ചായത്തുകളിൽ വൃക്ഷതൈ ഉദ്പ്പാദനത്തിനായി അഗ്രിക്കൾച്ചർ നഴ്സറികളും പ്രവർത്തിക്കുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾക്കാണ് അടുത്ത സാമ്പത്തിക വർഷം പ്രാധാന്യം നൽകിയിരിക്കുന്നതെന്ന് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു പറഞ്ഞു.
(പി.ആർ.പി. 2750/2018)
- Log in to post comments