Skip to main content

തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ മികച്ച തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് നല്‍കിവരുന്ന തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് തൊഴില്‍വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം. 2024 വര്‍ഷത്തേക്കുള്ള പുരസ്‌കാരത്തിനായി അപേക്ഷകള്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി എട്ട് വരെ സമര്‍പ്പിക്കാം.

സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടുതൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, കള്ള് ചെത്ത്, മരംകയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍, തോട്ടം, സെയില്‍സ് മാന്‍/സെയില്‍സ് വുമണ്‍, നഴ്സ്, ഗാര്‍ഹിക തൊഴിലാളികള്‍, ടെക്സ്റ്റൈല്‍ മില്‍, കരകൗശല വൈദഗ്ദ്ധ്യ പാരമ്പര്യ തൊഴിലാളികള്‍ (ഇരുമ്പ് പണി, മരപ്പണി, കല്‍പ്പണി, വെങ്കല പണി, കളിമണ്‍പാത്ര നിര്‍മ്മാണം, കൈത്തറി വസ്ത്ര നിര്‍മ്മാണം, ആഭരണ നിര്‍മ്മാണം, ഈറ്റ-കാട്ടുവള്ളി പാരമ്പര്യ തൊഴിലാളി), മാനുഫാക്ച്ചറിംഗ്/പ്രോസസിംഗ് (മരുന്ന് നിര്‍മ്മാണ തൊഴിലാളി, ഓയില്‍ മില്‍ തൊഴിലാളി, ചെരുപ്പ് നിര്‍മ്മാണ തൊഴിലാളി, ഫിഷ് പീലിംഗ്), മത്സ്യബന്ധന/വില്‍പ്പന തൊഴിലാളികള്‍, ഐ.ടി, ബാര്‍ബര്‍/ബ്യൂട്ടീഷ്യന്‍, പാചകത്തൊഴിലാളി എന്നിങ്ങനെ 20 മേഖലകളിലെ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം.

തൊഴില്‍ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലില്‍ നൂതന ആശയങ്ങള്‍ കൊണ്ടുവരാനുള്ള താല്‍പര്യം, പെരുമാറ്റം, തൊഴില്‍ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, തൊഴില്‍ നിയമ അവബോധം തുടങ്ങി പതിനൊന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ഘട്ടങ്ങളിലുള്ള പരിശോധനയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തൊഴിലുടമ സാക്ഷ്യപ്പെടുത്തുന്ന നിശ്ചിത ഫോര്‍മാറ്റിലുള്ള സാക്ഷ്യപത്രവും, 20 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പൂരിപ്പിച്ചതും അടക്കമുള്ള അപേക്ഷകള്‍ തൊഴില്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്.

സ്ഥിരമായ തൊഴിലുടമയില്ലാത്ത തൊഴിലാളികള്‍ അതത് വാര്‍ഡ്മെമ്പര്‍ നല്‍കുന്ന സാക്ഷ്യപത്രം ഉള്‍ക്കൊള്ളിച്ചാല്‍ മതിയാവും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും അനുബന്ധ സഹായങ്ങള്‍ക്കും എല്ലാ അസി. ലേബര്‍ ഓഫീസുകളിലും ജില്ലാ ലേബര്‍ ഓഫീസുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജമാക്കും. ചോദ്യാവലിയും സാക്ഷ്യപത്രത്തിന്റെ മാതൃകയും www.lc.kerala.gov.in എന്ന തൊഴില്‍വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ തൊഴിലാളി ശ്രേഷ്ഠ പോര്‍ട്ടലില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസുമായോ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായോ ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍- 0483 2734814, 8547655273.

date