റോഷിണി പദ്ധതി: പ്രത്യേക അവലോകനയോഗം ചേർന്നു
ജില്ലയിലെ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച റോഷ്നി പദ്ധതിയുടെ പുരോഗതി വിശകലനം ചെയ്യാൻ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.
അഥിതി തൊഴിലാളികളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി അവരെ സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടാൻ പ്രാപ്തരാക്കുക എന്നത് സംസ്ഥാന സർക്കാരിൻ്റെ നയമാണെന്നും അവരെ കേരളത്തിൻ്റെ സംസ്കാരം, ഭാഷ, ജീവിതരീതി എന്നിവ പരിചയപ്പെടുത്തി സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു.
പദ്ധതി വളണ്ടിയർമാർ അതത് സ്കൂളുകളുടെ സമീപപ്രദേശത്തെ അതിഥി തൊഴിലാളി ഭവനങ്ങൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തണം. എല്ലാ കുട്ടികളും സ്കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പാക്കണം. അവർക്കായി സ്കൂളുകളിൽ പ്രത്യേക പ്രവേശനോത്സവം നടത്തണം. വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ വളണ്ടിയർമാരുടെ നേതൃത്വത്തിൽ സായാഹ്ന ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിയ്ക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
റോഷിണി പദ്ധതിയുടെ വിപുലികരണത്തിനായുള്ള പുതിയ ആശയങ്ങൾ ക്രോഡീകരിക്കാൻ പ്രത്യേക ഐഡിയത്തോൺ ജനുവരിയിൽ സംഘടിപ്പിക്കാൻ റോഷിനി കോഓഡിനേറ്റർക്ക് യോഗത്തിൽ നിർദ്ദേശം നൽകി.
ജില്ലയിലെ 40 സ്കൂളുകളിലാണ് റോഷ്നി പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ കീഴിൽ 40 വളണ്ടിയർമാരും 2200 ഓളം കുട്ടികളുമാണുള്ളത്.
കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ബി.പി.സി.എൽ. ചീഫ് മാനേജർ വിനീത് എം വർഗീസ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, റോഷിണി പദ്ധതി ജനറൽ കോഓഡിനേറ്റർ സി. കെ. പ്രകാശ് എന്നിവർ പങ്കെടുത്തു.
- Log in to post comments