സിറ്റിസൺ റസ്പോൺസ്: കർമസേനാംഗങ്ങളുടെ ഭവനസന്ദർശനം തുടങ്ങി
സംസ്ഥാന സർക്കാരിൻ്റെ ജനസമ്പർക്ക പരിപാടിയായ സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം വികസന, ക്ഷേമ പഠന പരിപാടിയുടെ ഭാഗമായുള്ള കർമ്മ സേനാ ഭവന സന്ദർശനം തൃശൂർ ജില്ലയിൽ തുടങ്ങി. 2030ൽ കേരളം എങ്ങനെയായിരിക്കണമെന്ന ചിന്തയിലധിഷ്ഠിതമായ പൊതുജനാഭിപ്രായ രൂപീകരണ പരിപാടിയാണിത്.
നാട്ടിൽ ഇതുവരെ നടന്ന വികസനങ്ങൾ, ഇനിയും അടിയന്തരമായി നടത്തേണ്ട വികസനങ്ങൾ എന്നിവ ഈ പഠന പരിപാടിയിൽ ചർച്ച ചെയ്യും.
പ്രത്യേക പരിശീലനം നേടിയ കർമസേനാംഗങ്ങളായിരിക്കും വീടുകളിൽ നേരിട്ടെത്തി പൊതു ജനങ്ങളുടെ അഭിപ്രായം തേടുക. തദ്ദേശീയ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഓരോ പൗരനും ഈ പരിപാടി അവസരമൊരുക്കും.
വരും ദിവസങ്ങളിൽ വീടുകൾക്കു പുറമേ, തൊഴിൽ ശാലകൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയ പൊതുവിടങ്ങളിൽ നിന്നും കർമസേനാംഗങ്ങൾ വികസനപരമായ അഭിപ്രായങ്ങൾ ശേഖരിക്കും.
മുൻ എം.പി. സാവിത്രി ലക്ഷ്മണൻ, കവിയും ഗാനരചയിതാവുമായ ഹരിനാരായണൻ, കോൾപടവ് പാടശേഖര സമിതി പ്രസിഡൻ്റ് വേലായുധൻ മാസ്റ്റർ, കഥകളി കലാകാരൻ
രാഘവനാശാൻ, ചലച്ചിത്ര സംവിധായകൻ കമൽ, ശിൽപിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്, ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി രവി
വാഴച്ചാൽ ഊര് മൂപ്പത്തി ഗീത, കലാമണ്ഡലം മുൻ പ്രിൻസിപ്പൽ എംപി എസ് നമ്പൂതിരി, റിട്ടയേഡ് പ്രിൻസിപ്പലും കവിയും ഗാന രചയിതാവുമായ വാസുദേവൻ പനമ്പിള്ളി എന്നിവരുടെ വീടുകളിലാണ് ഇന്നലെ കർമ്മ സേനാംഗങ്ങൾ സന്ദർശനം നടത്തിയത്.
- Log in to post comments