Skip to main content

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് - ജില്ലാ രജിസ്ട്രേഷൻ അതോറിറ്റി യോഗം ചേർന്നു

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ ആലപ്പുഴ ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുള്ള ജില്ലാ രജിസ്ട്രേഷൻ അതോറിറ്റി യോഗം ജില്ലാ കളക്‌ടർ  അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്നു. 

2018 ലാണ് കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും മാനദണ്ഡ പ്രകാരമുള്ള ഗുണനിലവാരം പാലിക്കപ്പെടുന്നതിനും വ്യാജവും അനിയന്ത്രിതവുമായ ചികിത്സാരീതികൾ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുന്നത് വഴി പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നിലവിൽ വന്നത്. മോഡേൺ മെഡിസിൻ, ഡെന്റൽ ക്ലിനിക്കുകൾ, ആയുഷ്, ലാബുകൾ, നഴ്സിംഗ് ഹോമുകൾ എന്നിവർക്കെല്ലാം ആക്ട് ബാധകമാണ്. 

കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം എല്ലാ ആരോഗ്യസ്ഥാപനങ്ങളും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് കൗൺസിലിന്റെ ഔദ്യോഗിക പോർട്ടലായ https://clinicalestablishments.kerala.gov.in/ വഴി രജിസ്റ്റർ ചെയ്യേണ്ടതും ആശുപത്രികളിൽ ഡോക്ടർമാരുടെ പേരുവിവരങ്ങൾ, വിവിധ  സേവനങ്ങളുടെ നിരക്ക് എന്നിവ പ്രദർശിപ്പിക്കേണ്ടതുമാണ്. ഇത് നടപ്പിലാക്കാത്ത സ്ഥാപനങ്ങളിൽ നിന്നും നിയമാനുസൃതമായ പിഴ ഈടാക്കുവാനും പ്രസ്തുത ആക്ടിൽ വകുപ്പ് ഉള്ളതാണ്. ഈ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ ആശുപത്രികളും, വിവിധ ക്ലിനിക്കുകളും, ലാബുകളും കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുവാൻ യോഗം തീരുമാനിച്ചു. 

യോഗത്തിൽ ജില്ലയിലെ സ്ഥിതിവിശേഷകണക്കുകൾ ഡെപ്യൂട്ടി ഡിഎംഒ ഡോ. അനന്ത് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. പി സുമേഷ്, സീനിയർ മെഡിക്കൽ ഓഫീസർ (ആയുർവ്വേദം) ഡോ. ഡാർളി ജെയിംസ്, ആലപ്പുഴ സർക്കാർ ഡെന്റൽ കോളേജ് അസ്സോസിയേറ്റ് പ്രൊഫെസ്സർ ഡോ. വി മുകുന്ദൻ , ഐഎംഎ പ്രതിനിധി ഡോ. സംഗീത ജോസഫ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.

date