Skip to main content

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്‌സ് പരിശീലനം: ജില്ലയില്‍ ജനുവരി 15-നകം പൂര്‍ത്തിയാക്കും

 

 

 

ജില്ലയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിക്കുന്ന റോബോട്ടിക്‌സ് പരിശീലനം ജനുവരി 15-നകം പൂര്‍ത്തിയാകും. പുതുക്കിയ ഐ.ടി. പാഠപുസ്തകത്തിലെ റോബോട്ടിക്‌സ് പാഠഭാഗങ്ങള്‍ പ്രായോഗികമായി പഠിക്കുന്നതിനും വരാനിരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് കുട്ടികളെ സജ്ജരാക്കുന്നതിനുമായാണ് ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബുകളുടെ നേതൃത്വത്തില്‍ ഈ പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നത്.

രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെഷനില്‍ റോബോട്ടിക്‌സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ സെന്‍സറുകള്‍, മൈക്രോകണ്‍ട്രോളറുകള്‍, ആക്ചുവേറ്ററുകള്‍ എന്നിവയെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കും. കൂടാതെ ആര്‍ഡ്വിനോ ബോര്‍ഡ്, ബ്രെഡ്‌ബോര്‍ഡ്, എല്‍.ഇ.ഡി തുടങ്ങിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യും.

 

രണ്ടാമത്തെ സെഷന്‍ പൂര്‍ണ്ണമായും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. 'പിക്‌റ്റോബ്ലോക്‌സ്' സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എല്‍.ഇ.ഡി ബ്‌ളിങ്ക് ചെയ്യിക്കുക, ബസ്സര്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവ കുട്ടികള്‍ നേരിട്ട് ചെയ്തു പഠിക്കും. പരിശീലനത്തിന്റെ അവസാന ഘട്ടത്തില്‍ ഐ.ആര്‍ സെന്‍സറുകളും സെര്‍വോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ എന്ന റോബോട്ടിക് ഉപകരണം വിദ്യാര്‍ത്ഥികള്‍ സ്വയം നിര്‍മ്മിക്കും.

 

ഓരോ സ്‌കൂളിലും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളുടെയും മെന്റര്‍മാരുടെയും നേതൃത്വത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. നാലോ അഞ്ചോ കുട്ടികള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന നിലയിലാണ് പരിശീലനം നല്‍കുന്നത്. ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ ഇല്ലാത്ത വിദ്യാലയങ്ങള്‍ക്കായി തൊട്ടടുത്ത സ്‌കൂളുകളിലെ യൂണിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ കൈറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭാവിയിലെ തൊഴില്‍ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് ഹൈടെക് ലാബുകള്‍ വഴി എല്ലാ കുട്ടികളെയും ഈ നൂതന സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ളവരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

date